ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറണം; ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറണം; ഹൈക്കോടതി

കൊച്ചി:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേകാന്വേഷണ സംഘത്തിനു (എസ്‌ഐടി) കൈമാറണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഇതിന്മേലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്തൊക്കെ നടപടികളാണു തങ്ങള്‍ സ്വീകരിച്ചതെന്നു വ്യക്തമാക്കി സര്‍ക്കാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കേസെടുക്കേണ്ടതുണ്ടെങ്കില്‍ മുന്നോട്ട് പോകാമെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നാലു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അടയിരിക്കുകയായിരുന്നോഎന്ന് കോടതി നിശിതമായി വിമര്‍ശിച്ചു.പരാതി നല്‍കിയവര്‍ക്കും ഇരകള്‍ക്കും സമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യമുണ്ടാകരുത്. അവരുടെ സ്വകാര്യത പൂര്‍ണമായി നിലനില്‍ത്തണം. തിടുക്കപ്പെട്ടിട്ടുള്ള നടപടികള്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. െമാഴികള്‍ നല്‍കിയവര്‍ ഉള്‍പ്പെടെ തങ്ങള്‍ അന്വേഷിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകരുതെന്നും പ്രത്യേകാന്വേഷണ സംഘത്തോടു നിര്‍ദേശിച്ചു.

സമൂഹത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുണ്ട്. എന്നിട്ടും ഭൂരിപക്ഷമുള്ള സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടും അതു പരിഹരിക്കാന്‍ നടപടികള്‍ ഇല്ലെന്നത് ഖേദകരമാണ്. സിനിമയിലെ കാര്യങ്ങള്‍ മാത്രമല്ല, കേരള സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്നു പറയുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതു ഭയപ്പെടുത്തുന്ന നിഷ്‌ക്രിയത്വമാണ്.ഏതൊരു വിഷയത്തിലും എത്രയും പെട്ടെന്ന് നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ നാലു വര്‍ഷം കഴിഞ്ഞാണോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത്. അതുപോലെയാണ് ഇക്കാര്യത്തില്‍ പെരുമാറിയത് എന്നും കോടതി പറഞ്ഞു.

റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇവര്‍ പരിശോധിക്കുക. തുടര്‍ന്ന് എഫ്‌ഐആര്‍ ഇടേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും. ഓണാവധിക്കുശേഷം കോടതി ചേരുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നു സര്‍ക്കാരും അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. അതേസമയം, ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ക്കു പരിഹാരം മറ്റൊരു കമ്മിറ്റി രൂപീകരിക്കലാകരുത് എന്നും കോടതി നിര്‍ദേശിച്ചു.പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടും പരിശോധിച്ചതിനുശേഷം മാത്രമേ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച ഹേമ കമ്മിറ്റിയുടെ പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിക്കുന്നതടക്കമുള്ള തുടര്‍നടപടികളിലേക്ക് കടക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറണം; ഹൈക്കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *