പ്രസ്‌ക്ലബില്‍ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

പ്രസ്‌ക്ലബില്‍ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

പുസ്തകങ്ങളില്ലെങ്കില്‍ ആശയങ്ങള്‍ക്കും മൂല്യമില്ല: ഡോ. ബീനാ ഫിലിപ്പ്

കോഴിക്കോട്: പുസ്തകങ്ങള്‍ക്ക് മൂല്യമില്ലാതായാല്‍ ആശയങ്ങള്‍ക്ക് തന്നെ മൂല്യമില്ലാതാവുമെന്ന് മേയര്‍ ഡോ.ബീന ഫിലിപ്പ്. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ പുതുതായി നിര്‍മിച്ച വാഗ്ഭടാനന്ദ ഗുരു മീഡിയാ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. പുസ്തകങ്ങളായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ പ്രാണവായു. അതിലൂടെയാണ് അവര്‍ ലോകം കണ്ടത്. കാലം മാറ്റങ്ങളുണ്ടാക്കിയതോടെ ഓണ്‍ലൈന്‍ വായനാ സംസ്‌കാരം ഉണ്ടായി. എന്നാല്‍ പലപ്പോഴും ഓണ്‍ലൈന്‍ വായന നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വഴിമാറുന്നുണ്ട്. പഴയ കാലത്ത് അറിവുകളെ സ്വാംശീകരിക്കാനായിരുന്നു പ്രസാധകര്‍ ശ്രമിച്ചിരുന്നതെങ്കില്‍ തങ്ങള്‍ക്ക് അപകടമായി മാറുന്നതിനെ തമസ്‌കരിക്കാനാണ് പുതിയലോകം ശ്രമിക്കുന്നത്. ഗൂഗിളിലും വിക്കിപീഡിയയിലും കിട്ടുന്ന വിവരങ്ങള്‍ക്കു മുകളില്‍ നിയന്ത്രണ ശക്തികളുണ്ട്. അറിവ് നേടാന്‍ പുതുതലമുറയും പുസ്തകങ്ങളെ തന്നെ ആശ്രയിക്കണമെന്നും പ്രസ്‌ക്ലബ് ഉണ്ടാക്കിയ റഫറന്‍സ് ലൈബ്രറി അതിന് മുതല്‍കൂട്ടാവട്ടേയെന്നും മേയര്‍.
സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്)യുടെ പിന്തുണയോടെയാണ് ആധുനിക രീതിയില്‍ ലൈബ്രറി നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രസ് ക്ലബ്ബിന്റെ മൂന്നാം നിലയില്‍ സജ്ജീകരിച്ച ലൈബ്രറിയില്‍ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വായിക്കാനും സൗകര്യം ഒരുക്കുയിട്ടുണ്ട്.
ശിലാഫലകം മേയര്‍ അനാച്ഛാദനം ചെയ്തു. പ്രസ് ക്ലബ്ബ് അംഗങ്ങള്‍ ലൈബ്രറിയിലേക്ക് സംഭവാന നല്‍കിയ പുസ്തകങ്ങളും അവര്‍ ഏറ്റുവാങ്ങി.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. യു.എല്‍.സി.സി മാനേജിങ് ഡയരക്ടര്‍ എസ്. ഷാജു, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ട്രഷറര്‍ പി.വി നജീബ് നന്ദിയും പറഞ്ഞു.
അകാലത്തില്‍ വിട്ടു പിരിഞ്ഞ കാലിക്കറ്റ് പ്രസ് ക്ലബ്ബ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും നിയുക്ത ട്രഷററുമായ ടി. ഷിനോദ് കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മൗന പ്രാര്‍ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.

 

 

പ്രസ്‌ക്ലബില്‍ വാഗ്ഭടാനന്ദ ലൈബ്രറി തുറന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *