എഡിറ്റോറിയല്‍
നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച പാലക്കാട് സ്ഥാപിക്കുന്ന വ്യവസായ നഗരത്തെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യാം. 3806 കോടി രൂപ മുതല്‍മുടക്കില്‍ പാലക്കാട്ടെ പദ്ധതിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയിട്ടുണ്ട്. രാജ്യത്ത് വ്യവസായ നഗരങ്ങള്‍ നിര്‍മ്മിക്കാന്‍ 28,602 കോടി രൂപയാണ് 12 നഗരങ്ങളില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പാലക്കാട്ടെ പ്രൊജക്ട് പൂര്‍ത്തിയാവുന്നതോടെ അരലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പദ്ധതിക്ക് 1710 ഏക്കര്‍ ഭൂമിയാണ് ആവശ്യമെങ്കിലും 1774.5 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ട്. പദ്ധതിക്കായി കഞ്ചിക്കോട്, വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1274.8 ഏക്കര്‍ ഭൂമി എറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. 1710 ഏക്കര്‍ സ്ഥലത്തു നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ 8729 കോടി രൂപയുടെ നിക്ഷേപമുണ്ടാകും.
മെഡിക്കല്‍, കെമിക്കല്‍, ബൊട്ടാണിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഹൈടെക് ഇന്‍ഡസ്ട്രി, നോണ്‍ മെറ്റാലിക് മിനറല്‍ ഉല്‍പ്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍, റബര്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, മെഷിനറി ആന്റ് എക്യുപ്‌മെന്റ് എന്നീ മേഖലകളിലായിരിക്കും പാലക്കാടന്‍ വ്യവസായ നഗരം കേന്ദ്രീകരിക്കപ്പെടുക.
വ്യാവസായികമായി കേരളം പുറകിലാണെന്ന പോരായ്മ ഇത്തരം പദ്ധതികള്‍ നികത്തുമെന്നതില്‍ സംശയമില്ല. കേരളം കണ്‍സ്യൂമര്‍ സ്റ്റേറ്റാണെന്നത് ഒരു വസ്തുതയാണ്. പരമ്പരാഗത കാര്‍ഷിക മേഖല ഉല്‍പ്പന്നങ്ങളുടെ ന്യായവിലപോലും ലഭിക്കാതെ, കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിവിശേഷത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കടക്കം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നമ്മള്‍. മറ്റിടങ്ങളില്‍ നിന്ന് വരുന്ന ഉല്‍പ്പന്നങ്ങളുടെ വില, ഭാരിച്ച ട്രാന്‍സ്‌പോര്‍ട്ട് കൂലി എല്ലാം കൂടി ചേരുമ്പോള്‍ ആവശ്യ സാധനങ്ങള്‍ പോലും വാങ്ങുന്ന കേരളീയന്റെ നടുവൊടിയുന്ന സ്ഥിതി വിശേഷമാണുള്ളത്. പാലക്കാട് വരുന്ന വ്യവസായ നഗരത്തില്‍ ഭക്ഷ്യ സംസ്‌കരണം ഉള്ളത് വളരെയേറെ നല്ലതാണ്. നമ്മുടെ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചാല്‍ ഇവിടെ വെച്ചത് സംസ്‌കരിക്കാനും, ആഗോള മാര്‍ക്കറ്റ് കണ്ടെത്താനും നമുക്ക് തന്നെ പ്രയോജനപ്പെടുകയും കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാനും സാധിക്കും. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സംസ്‌കരണം എന്നീ മേഖലകളിലാണ് കേരളം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. സമ്പല്‍ സമൃദ്ധമായ കാര്‍ഷിക മേഖലയെ തിരിച്ചു പിടിക്കാനായാല്‍ സംസ്ഥാനത്തിന് വലിയ മുന്നേറ്റമുണ്ടാകും.
സംസ്ഥാന സര്‍ക്കാര്‍ പാലക്കാടട്ടെ വ്യവസായ നഗരത്തിനാവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ സമയബന്ധിതമായി പാലക്കാടന്‍ വ്യവസായ നഗരം യാഥാര്‍ത്ഥ്യമാവട്ടെ.