പ്രവാസികള്‍ക്ക് ആനുപാതിക പെന്‍ഷന്‍ നല്‍കണം; സമദ് നരിപ്പറ്റ

പ്രവാസികള്‍ക്ക് ആനുപാതിക പെന്‍ഷന്‍ നല്‍കണം; സമദ് നരിപ്പറ്റ

കോഴിക്കോട്: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതിക പെന്‍ഷന്‍ നല്‍കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സമദ് നരിപ്പറ്റ പറഞ്ഞു. പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് യു.കെഅടക്കമുള്ള രാജ്യങ്ങളില്‍ അവിടുത്തെ സര്‍ക്കാരുകള്‍ നിശ്ചിത വര്‍ഷം വിദേശങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായ നാട്ടുകാര്‍ക്ക് പ്രവാസ കാലഘട്ടം പരിഗണിച്ച് നിശ്ചിത തുക സര്‍ക്കാര്‍ തന്നെ പെന്‍ഷന്‍ നല്‍കുകയാണ്. വിദേശ നാണ്യം നേടി തരുന്നതുകൊണ്ടാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഇത് ചെയ്യുന്നത്. ഇതേ മാതൃകയില്‍ നമ്മുടെ രാജ്യത്തും പ്രവാസികള്‍ക്ക് സര്‍ക്കാരുകള്‍ ആനുപാതിക പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകണം. നിലവില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന പെന്‍ഷന്‍ രീതി അപരിഷ്‌കൃതമാണ്. പ്രവാസികളില്‍ നിന്ന് അംശാദായം സ്വീകരിച്ചാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇത് ഒഴിവാക്കി 60 വയസ്സ് കഴിഞ്ഞ നിശ്ചിത കാലഘട്ടം വിദേശത്ത് ജോലി ചെയ്ത പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലേക്ക് 2,16,893 കോടി രൂപയാണ് പ്രവാസികള്‍ അയച്ചത്. പ്രവാസികള്‍ അയക്കുന്ന വിദേശ നാണ്യമാണ് നാടിന്റെ സാമ്പത്തിക അടിത്തറയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനം അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അധ്യക്ഷത വഹിച്ചു.

 

പ്രവാസികള്‍ക്ക് ആനുപാതിക പെന്‍ഷന്‍ നല്‍കണം; സമദ് നരിപ്പറ്റ

Share

Leave a Reply

Your email address will not be published. Required fields are marked *