വാഴ്സ: എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുകയെന്നതാണ് ഇന്നത്തെ ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.പോളണ്ടില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.അകലം പാലിക്കുക എന്ന പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ നയത്തില്‍ വലിയ മാറ്റം കൊണ്ടുവരാനായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് എല്ലാവരുമായും ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്നത്തെ ഇന്ത്യ എല്ലാവരെക്കുറിച്ചും എല്ലാവരുടെയും നന്മയെക്കുറിച്ചും ചിന്തിക്കുന്നു. ഇന്ന് ‘വിശ്വബന്ധു’ എന്ന നിലയ്ക്കാണ് ഇന്ത്യയെ ലോകം ബഹുമാനിക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. 45 വര്‍ഷത്തിനിടെ പോളണ്ട് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നതും മോദിയെ ശ്രദ്ധേയനാക്കി. ഓസ്ട്രിയയിലേക്ക് അടുത്തിടെ നടത്തിയ സന്ദര്‍ശനവും 40 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനമായിരുന്നു. പ്രധാനമന്ത്രി ഇന്ന് പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രെയിന്‍ മാര്‍ഗം യുക്രെയ്നിലേക്കു പോകും.