വടകരയിലെ പൊലീസ് സിപിഎംന്റെ  പോഷക സംഘടന:  അഡ്വ.കെ.പ്രവീണ്‍കുമാര്‍

വടകരയിലെ പൊലീസ് സിപിഎംന്റെ പോഷക സംഘടന: അഡ്വ.കെ.പ്രവീണ്‍കുമാര്‍

കോഴിക്കോട്: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ചെയ്ത് വ്യക്തിഹത്യയും വര്‍ഗ്ഗീയ ധ്രുവീകരണവും, സമാധാന അന്തരീക്ഷവും തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കാത്ത വടകരയിലെ പൊലീസ് സിപിഎംന്റെ പേഷക സംഘടനയെപ്പോലെ പെരുമാറുകയാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ആരോപിച്ചു. ഇന്ന് കാലത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയനായ എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം ഇക്കാര്യത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വടകര പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്ത ഘട്ടത്തില്‍ അദ്ദേഹം നീതിക്കും നിരപരാധിത്വം തെളിയിക്കാനുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കെ.കെ.ശൈലജയെ കാഫിര്‍ എന്ന് വിളിച്ചുള്ള പോസ്റ്റ് സിപിഎം, ഡിവൈഎഫ്‌ഐയുടെ ഭാഗമായുള്ള ഗ്രൂപ്പുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ്. ഇതില്‍ നിന്നും സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളാണ് ഇത്തരം പോസ്റ്റുണ്ടാക്കി ഇലക്ഷന്റെ തലേന്ന് പ്രചരിപ്പിച്ചതെന്ന്് വ്യക്തമാണ്. പൊലീസ് പറയുന്നത് ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു എന്നാണ്. കൊല നടന്നാല്‍ കൊലയാളിയെ പിടിക്കുന്നതിന് പകരം കൊലക്കത്തി കസ്റ്റഡിയിലെടുക്കുന്ന സമീപനമാണ് പൊലീസ് കൈക്കൊള്ളുന്നത്. ഈ പോസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്മിന്‍മാരെ അറസ്റ്റ് ചെയ്യണം. കുറ്റം ചെയ്തവരെ അടിയന്തിരമായി അറസ്റ്റ് ചെയ്യണം. സിപിഎംന് സമൂഹത്തിലെ മൈത്രി തകര്‍ക്കുന്ന പല പേരിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുണ്ടെന്നും, ഇക്കാര്യത്തില്‍ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് യുഡിഎഫ് ജില്ലാ കമ്മറ്റി നേതൃത്വം നല്‍കുമെന്നദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ.എം.രാജനും പങ്കെടുത്തു.

വടകരയിലെ പൊലീസ് സിപിഎംന്റെ പോഷക സംഘടന: അഡ്വ.കെ.പ്രവീണ്‍കുമാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *