വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മരണപ്പെട്ട കെ.എ മാത്യു മാസ്റ്ററുടെ മൂത്ത മകന്‍ അജില്‍ മാത്യുവിന് സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി സുനില്‍ മടപ്പള്ളി ആവശ്യപ്പെട്ടു. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കാനഡയില്‍ നിന്നും നേടിയ ആളാണ് അജില്‍. മാത്യു അടക്കമുള്ളവരുടെ സന്ദര്‍ഭോചിതമായ ഇടപെടലുകളാണ് വന്‍ ദുരന്തത്തില്‍ നിന്നും വിലങ്ങാടിനെ രക്ഷിച്ചത്. ഉരുള്‍പൊട്ടലില്‍ നാമാവശേഷമായ ഇരുപതോളം വീടുകളിലായി താമസിച്ചിരുന്ന എണ്‍പതിലേറെ പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയത് ദുരന്തത്തിന് തൊട്ടു മുന്‍പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശവാസികളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചതിനാലാണ്. ഇതിന് തൊട്ടു പിന്നാലെയുണ്ടായ അതിഭീകരമായ ഉരുള്‍പൊട്ടലിലാണ് മാത്യുവിനെ കാണാതാവുന്നതും മൂന്നു ദിവസത്തിലേറെ നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടുകിട്ടുന്നതും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും തകര്‍ന്നു കിടക്കുന്ന റോഡുകളും പാലങ്ങളും പണിയുന്നതിനും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനും മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ആശ്വാസം ലഭ്യമാക്കുന്നതിനും അടക്കം സമഗ്രമായ വിലങ്ങാട് പുനരധിവാസ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുനില്‍ മടപ്പള്ളി ആവശ്യപ്പെട്ടു. മാത്യു മാസ്റ്ററുടെ വീട്ടിലെത്തിയ സുനില്‍ മടപ്പള്ളി ഭാര്യ ഷൈനി മാത്യു, മക്കളായ അജില്‍ മാത്യു, അഖില്‍ മാത്യു എന്നിവരെ അനുശോചനമറിയിച്ചു.
വിലങ്ങാട് ഉരുള്‍പൊട്ടല്‍; മാത്യുവിന്റെ മകന്
സര്‍ക്കാര്‍ ജോലി നല്‍കണം, സുനില്‍ മടപ്പള്ളി