ന്യൂഡല്‍ഹി: പട്ടികജാതിയില്‍ തീരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക ക്വോട്ട അനുവദിച്ച് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെയാണ് പാസ്സാക്കിയത്. ഉപതരംതിരിവ് അനുവദിക്കുമ്പോള്‍ ഒരു ഉപവിഭാഗത്തിനു മാത്രമായി മുഴുവന്‍ സംവരണവും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വിശദീകരിച്ചു.
എസ്സി സംവരണത്തില്‍ 50 ശതമാനം വാല്മീകി, മസാബി സിഖ് വിഭാഗക്കാര്‍ക്ക് ഉപസംവരണം ചെയ്തുള്ള പഞ്ചാബ് സര്‍ക്കാരിന്റെ 2006 ലെ പിന്നാക്ക സംവരണ നിയമത്തിലെ ചട്ടം പഞ്ചാബ്ഹരിയാന ഹൈക്കോടതി 2010ല്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. പട്ടിക ജാതികളില്‍തന്നെ ഏറ്റവും പിന്നാക്കമായവര്‍ക്കായി നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബെഞ്ച് 2020 ഓഗസ്റ്റില്‍ നിരീക്ഷിച്ചിരുന്നു. അതു 2004 ല്‍ 5 അംഗ ബെഞ്ച് തന്നെ നല്കിയ വിധിക്കു വിരുദ്ധമായതിനാലാണ് വിഷയം 7 അംഗ ബെഞ്ച് പരിഗണിച്ചത്. സംവരണാനുകൂല്യമുള്ള ജാതികള്‍ക്കിടയില്‍ ഉപവര്‍ഗീകരണം അനുവദിക്കേണ്ടതുണ്ടോ? പട്ടികജാതിയെ സമജാതീയ ഗ്രൂപ്പ് എന്നു വ്യക്തമാക്കിക്കൊണ്ട് അതില്‍ ഉപവര്‍ഗീകരണം സാധ്യമല്ലെന്ന് പറഞ്ഞ 2004ലെ ചിന്നയ്യ ചിന്നയ്യ കേസ് ശരിയാണോ? എന്നീ വിഷയങ്ങളാണ് ഏഴംഗ ബെഞ്ച് പരിഗണിച്ചത്.
ഏറെ പിന്നാക്കമുള്ളവര്‍ക്കു പ്രത്യേക ക്വോട്ട;
സുപ്രീംകോടതിയുടെ സുപ്രധാന വിധി