ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍പ്രദേശില്‍ ബിജെപിക്കുണ്ടായ പരാജയ കാരണം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ചു. മാത്രവുമല്ല തിരഞഅഞെടുപ്പിന് ശേഷം നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പു ശക്തമാകുകയും ചെയ്തു. പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, സര്‍ക്കാര്‍ ജോലികളിലെ കരാര്‍ നിയമനം, തുടങ്ങി സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേഠി, അയോധ്യ എന്നീ മണ്ഡലങ്ങള്‍ക്ക് പ്രത്യക ഊന്നല്‍ നല്കിക്കൊണ്ടു നടത്തിയ അവലോകനത്തില്‍ 40,000 പേരുടെ അഭിപ്രായങ്ങളാണ് ശേഖരിച്ചത്. പഠനപ്രകാരം 8 ശതമാനം വോട്ട് വിഹിതം പാര്‍ട്ടിക്ക് കുറഞ്ഞു. പ്രധാനമായും ആറു കാരണങ്ങളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന ഭരണത്തിലെ വീഴ്ച, ഭരണതലത്തിലെ ഇടപെടല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ അതൃപ്തി, അടിക്കടിയുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച, സര്‍ക്കാര്‍ പദവികളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കല്‍, സംവരണത്തിലെ നിലപാട് എന്നിവ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 15 ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ തൊഴിലാളികളെ കുത്തിനിറച്ചതും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശക്തിപ്പെടുത്തിയെന്നു നേതാക്കള്‍ പറയുന്നു.
തിരഞ്ഞെടുപ്പു കാലത്തു സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടിക്കെതിരായിരുന്നുവെന്ന വിമര്‍ശനവും യോഗിയെ മാറ്റി ഒബിസി വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധിയെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. ആകെ 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാജ്വാദി കോണ്‍ഗ്രസ് സഖ്യം 43 സീറ്റുകള്‍ നേടിയിരുന്നു. 2019ല്‍ 64 സീറ്റുകളുണ്ടായിരുന്ന എന്‍ഡിഎ 36 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു.
ഉത്തര്‍ പ്രദേശില്‍ ബിജെപിക്കുണ്ടായ പരാജയ കാരണം
അവലോകന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു