കോഴിക്കോട്: അറുപത് വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികള്‍ക്കും പെന്ഷന് നല്‍കാനും, പെന്ഷന് തുക 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബദറുദ്ദീന്‍ ഗുരുവായൂര്‍ ആവശ്യപ്പെട്ടു. പ്രവാസി പെന്ഷന് ലഭിക്കാത്തവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്ഷന് ലഭിക്കാത്തതിന് കാരണം 800 സ്ക്വയര്ഫീറ്റിലധികമുള്ള വീടുകളുണ്ട് എന്നതിനാലാണ്. നാട്ടില്‍ തിരിച്ചെത്തി ജീവിക്കുന്ന പ്രവാസികളുടെ വീടുകളില്‍ മഹാഭൂരിപക്ഷവും അമ്പത് കൊല്ലക്കാലം മുമ്പ് നിര്‍മ്മിച്ചതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിച്ചാല്‍ പെന്ഷന് എല്ലാവര്ക്കും ലഭിക്കാന്‍ സാധിക്കും. നാട്ടിലുളള പ്രവാസികള്‍ക്ക് മരുന്നിനും അവശ്യ വസ്തുക്കള്‍ക്കും ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഏക ആശ്രയം പെന്ഷനാണെന്നദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി പെന്ഷന് വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാരിന് അധിക ഭാരം വരാതിരിക്കാന്‍ പ്രവാസി ക്ഷേമനിധി വിഹിതം ആനുപാതികമായി വര്ദ്ധിപ്പിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.