തിരുവനന്തപുരം:ഐ.ജി.എസ്.ടി.യില്‍ കേരളത്തിന് 25,000 കോടി വരെ നഷ്ടമെന്ന് സംസ്ഥാന ധനവ്യയ അവലോകന കമ്മിറ്റി റിപ്പോര്‍ട്ട്
രാജ്യത്തെ ജി.എസ്.ടി. സംവിധാനത്തിലെ പോരായ്മ കാരണമാണ് അന്തഃസംസ്ഥാന വ്യാപാരത്തില്‍ നികുതിയിനത്തില്‍ (ഐ.ജി.എസ്.ടി.) കേരളത്തിന് വന്‍നഷ്ടമുണ്ടായത്. ഇതിന് പരിഹാരം കാണാന്‍ കേരളം ഉള്‍പ്പെടുന്ന ഉപഭോക്തൃ സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കൗണ്‍സിലിന്റെ കൂട്ടായ ശ്രമം വേണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. 2020-21ലെ റിപ്പോര്‍ട്ട് ധനവകുപ്പ് നിയമസഭയില്‍ സമര്‍പ്പിച്ചു.
ജി.എസ്.ടി. നടപ്പായ 2017 ജൂലായ് ഒന്നുമുതല്‍ 2020-21 വരെ ഇങ്ങനെ 20,000 കോടിമുതല്‍ 25,000 കോടിവരെ നഷ്ടമായെന്നാണ് ധനവകുപ്പ് അവതരിപ്പിച്ച 2020-21ലെ റിപ്പോര്‍ട്ടിലെ അനുമാനം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2022 ജൂണ്‍വരെ ലഭിച്ച നഷ്ടപരിഹാരം നിലച്ചതോടെ ഇതുവഴിയുള്ള നഷ്ടം കൂടുമെന്നാണ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. ഈ വര്‍ഷം ജൂണിലാണ് പ്രൊഫ. ഡി. നാരായണ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് പകരം ഉത്പാദക സംസ്ഥാനങ്ങള്‍ക്കാണ് ജി.എസ്.ടി സമ്പ്രദായംപ്രയോജനപ്പെടുന്നതെന്നും സമിതി വിലയിരുത്തി. ഐ.ജി.എസ്.ടി. സംബന്ധിച്ച ഡേറ്റ സംസ്ഥാനങ്ങള്‍ക്ക് കിട്ടാത്തതാണ് പ്രശ്നം നേരിടാന്‍ തടസ്സമാകുന്നത്.ഇത് പഠിക്കാന്‍ കേരളം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. അന്തഃസംസ്ഥാന വ്യാപാരം സംബന്ധിച്ച വിവരങ്ങള്‍ കേരളം ജി.എസ്.ടി. കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാമെന്ന് കഴിഞ്ഞ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു. ആഭ്യന്തര വരുമാന വളര്‍ച്ചയേക്കാള്‍ കൂടുതലാണ് കേരളത്തിന്റെ കടത്തിന്റെ വളര്‍ച്ചാ നിരക്കെന്നും സമിതി റിപ്പോര്‍ട്ട് ചെയ്തു.