മുസ്ലിം സ്ത്രീകള്‍ക്കും ജീവനാംശം സുപ്രീം കോടതിയുടേത് ചരിത്ര വിധി

മുസ്ലിം സ്ത്രീകള്‍ക്കും ജീവനാംശം സുപ്രീം കോടതിയുടേത് ചരിത്ര വിധി

എഡിറ്റോറിയല്‍

മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ലോകത്ത് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന കാലത്താണ് പരമോന്നത നീതിപീഠം ചരിത്രപരമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിധി ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ്. മുസ്ലിം സ്ത്രീകള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു വിവാഹ മോചനം. നൂറ്റാണ്ടുകളായി ഇതിന്റെ ദുരിതം പേറിയ മുസ്ലിം സ്ത്രീകളുടെ നിശബ്ദ പ്രതിഷേധം സുപ്രീം കോടതി ആഴത്തില്‍ മനസ്സിലാക്കിയിരുന്നു എന്നാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്. വിവാഹത്തിന് ശേഷം അന്യായമായി മുസ്ലിം സ്ത്രീകളെ മൊഴിചൊല്ലുന്ന ഏര്‍പ്പാടായ മുത്തലാഖ് കുറ്റകരമാക്കി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവും ശ്രദ്ധേയമായിരുന്നു.
മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന് ശേഷം, ജീവനാംശത്തിന് വേണ്ടി കേസ് കൊടുക്കാമെന്നത് മുസ്ലിം സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം പുതു ചരിത്രമാണ്. രണ്ടും, മൂന്നും വിവാഹങ്ങള്‍ കഴിക്കുന്നവര്‍ മുസ്ലിം സമൂഹത്തില്‍ ഉണ്ടായിരുന്നു. ഇതിന് മറ്റ് ചില പിന്തുണയുണ്ടെന്നും അത്തരക്കാര്‍ വാദിച്ചിരുന്നു. അങ്ങനെ ഒന്നിലധികം കല്ല്യാണം കഴിക്കുകയും അതില്‍ കുട്ടികള്‍ ജനിക്കുകയും, അവരെയൊന്നും കൃത്യമായി പരിപാലിക്കപ്പെടാതെ നടക്കുന്നവരും ഈ സമൂഹത്തിലുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം സമൂഹം നേടിയ പുരോഗതി തന്നെയാണ് ഇത്തരം അപരിഷ്‌കൃത ജീവിത രീതികളെ കുടഞ്ഞെറിയാന്‍ മുസ്ലിം സ്ത്രീ സമൂഹത്തെ പ്രാപ്തരാക്കിയത്.
ജീവനാംശം ദാനമല്ലെന്നും, അത് വിവാഹിതരായ എല്ലാ മതത്തിലും പെട്ട സ്ത്രീകളുടെയും അസന്നിഗ്ധമായ അവകാശമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. സിആര്‍പിസി വഴി നിയമ പരിഹാരം തേടാന്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടന നിഷേധമാണെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. ഇവിടെയും മുസ്ലിം സ്ത്രീ സമൂഹത്തിന് മാത്രമല്ല എല്ലാ വിഭാഗം സ്ത്രീകള്‍ക്കും നീതി ഉറപ്പാക്കുന്ന സൂര്യ തേജസ്സായി നമ്മുടെ ഭരണഘടന പരിലസിക്കുകയാണ്.
മറ്റൊരു കാര്യം കൂടി സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വന്തം വരുമാനമില്ലാത്ത സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സാമ്പത്തികമായി ശാക്തീകരിക്കണമെന്ന്. ഇതോടുകൂടി വരുമാനമില്ലാത്ത സ്ത്രീകള്‍ക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നതും ഏറെ ആഹ്ലാദകരമാണ്.
മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യ പോരാട്ടം ലോകത്ത് പലയിടത്തും നടന്നു വരികയാണ്. മതാധിഷ്ഠിത രാജ്യങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യമോ, കഴിവുകളോ അടിച്ചമര്‍ത്തപ്പെടുകയാണ്. മതത്തിനെ നിയന്ത്രിക്കുന്ന പൗരോഹിത്യത്തിന്റെ ആധിപത്യമാണ് ഇതിന് കാരണം. ഇത് മുസ്ലിം വനിതാ സമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

മുസ്ലിം സ്ത്രീകള്‍ക്കും ജീവനാംശം

സുപ്രീം കോടതിയുടേത് ചരിത്ര വിധി

Share

Leave a Reply

Your email address will not be published. Required fields are marked *