പി.ടി.നിസാര്‍
കോഴിക്കോട്: രാജ്യം മുഴുവന്‍ അറിയപ്പെടുന്ന വ്യാപാര കേന്ദ്രമായ ഒയാസിസ് കോമ്പൗണ്ടിലേക്കടക്കം പ്രവേശിക്കുന്ന മൊയ്തീന്‍പള്ളി എം പി റോഡ് തകര്‍ന്നടിഞ്ഞിട്ടും അധികാരികള്‍ ഉറക്കത്തിലാണ്. 20 വര്‍ഷം മുന്‍പാണ് ഈ റോഡ് അറ്റകുറ്റപണി ചെയ്തത്. നിലവില്‍ കുണ്ടും കുഴിയുമായി, മഴവെള്ളം കയറിയതിനാല്‍ യാത്ര ദുഷ്‌ക്കരമായിരിക്കുകയാണ്. റോഡിനിരുവശത്തുമുള്ള കച്ചവടക്കാര്‍ വലിയ ദുരിതത്തിലാണ്. വാഹനങ്ങള്‍ പോകുമ്പോള്‍ ചെളിവെള്ളം കടക്കുള്ളിലേക്കും, യാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുക പതിവാണ്. കോര്‍പ്പറേഷന്റെ ഡിഎന്‍ഒ ലൈസന്‍സുള്ള കച്ചവടക്കാര്‍ തന്നെ 3500 ഓളം പേരുണ്ട്. ഇവിടെതന്നെയുള്ള ബേബി ബസാറിലേക്കെത്തണമെങ്കിലും എം പി റോഡാണ് ശരണം. മൊയ്തീന്‍ പള്ളി മുതല്‍ എസ്എം സ്ട്രീറ്റിലെ ലാന്‍ഡ് വേള്‍ഡ് ബില്‍ഡിംഗ് വരെ ഏതാണ്ട് 500 മീറ്റര്‍ റോഡാണ് തകര്‍ന്നു കിടക്കുന്നത്. കോര്‍പ്പറേഷന്റെ 62-ാം വാര്‍ഡില്‍പെടുന്ന ഈ ഏരിയ കോഴിക്കോട് 2-ാം നിയോജക മണ്ഡലത്തില്‍പ്പെട്ടതാണ്. മൂന്ന് വര്‍ഷം മുമ്പ് തീപിടിത്തമുണ്ടായപ്പോള്‍ ഇപ്പോഴത്തെ എംഎല്‍എയും അന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ സ്ഥലം സന്ദര്‍ശിക്കുകയും, റോഡിന്റെയും ഡ്രെയ്‌നേജിന്റെയും പരിതാപകരമായ അവസ്ഥ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതുമാണ്. പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന മന്ത്രിയുടെ വാക്കും വൃഥാവിലായതായി കച്ചവടക്കാര്‍ കുറ്റപ്പെടുത്തുന്നു. രണ്ടാം നിയോജക മണ്ഡലത്തിലുള്ളവരാണ് ഇവിടുത്തെ കച്ചവടക്കാരില്‍ മഹാഭൂരിപക്ഷവും. പാളയത്ത് നിന്ന് മൊയ്തീന്‍ പള്ളിയുടെ മുന്‍പിലൂടെ എം പിറോഡിലേക്കെത്തുന്ന വാഹനങ്ങള്‍ ലാന്‍ വേള്‍ഡ് മാളിന്റെ അടുത്ത് തിരിച്ച് വരുമ്പോള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. ഇതിന് പരിഹാരമായി വാഹനഗതാഗതം കമ്മത്ത് ലൈന്‍ വഴി തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മേയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കലക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് എം പി റോഡ് മാര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.അബ്ദുല്‍ ഗഫൂര്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ പിഡബ്ല്യുഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കോര്‍പ്പറേഷനാണ് ഇത്തരവാദിത്തമെന്നാണ് മറുപടി ലഭിച്ചതെന്ന് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.
കോഴിക്കോട് യുനെസ്‌കോയുടെ സാഹിത്യ നഗര പദവിയിലേക്കുയര്‍ന്ന ഈ ഘട്ടത്തില്‍ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കണ്ണടക്കുന്ന അധികാരികളുടെ നിലപാടിനെതിരെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബഹിഷ്‌ക്കരണമടക്കമുള്ള പ്രതിഷേധ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.
മൊയ്തീന്‍പള്ളി-എം പി റോഡ് തകര്‍ന്നിട്ടും അധികൃതര്‍ ഉറക്കത്തില്‍