കോഴിക്കോട്. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ സന്നദ്ധ വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്സ് നബാര്‍ഡിന്റെ സഹകരണത്തോട് കൂടി നടത്തുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയില്‍ പുതിയ കോഴ്‌സുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ ആസ്റ്ററിന്റെ വിവിധ ആശുപത്രികളിലായി 19ബാച്ച് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പുതുതായി ജീഡിയാട്രിക് കെയര്‍ ആന്റ് റിഹാബ് അസിസ്റ്റന്റ് കോഴ്‌സുകള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട് മിംസ് ആശുപത്രി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം കെ രാഘവന്‍ എം.പി പുതിയ കോഴ്‌സുകളുടെ പ്രഖ്യാപനവും, പതിനഞ്ചാമത് ബാച്ച് ജി ഡി എ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വ്വഹിച്ചു. നിലവില്‍ ജി ഡി എ കോഴ്‌സുകള്‍ പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ ജോലി ഉറപ്പാക്കിയിട്ടുണ്ടെന്നും തുടര്‍ന്നും കോഴ്‌സുകള്‍ പൂര്‍ത്തീകരികുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നല്‍കുമെന്നും മിംസ് ആശുപത്രി എച്ച് ആര്‍ മാനേജര്‍ ബ്രിജു മോഹന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗം കുട്ടികള്‍ക്കും മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനം നല്‍കി എല്ലാവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നബാര്‍ഡ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതെന്ന് നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജര്‍ രാകേഷ് പറഞ്ഞു. ചടങ്ങില്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ മുഹമ്മദ് ഹസീം കെ വി, റീജനല്‍ നഴ്‌സിങ് ഓഫീസര്‍ ഷീലാമ്മ ജോസഫ്, മെഡിക്കല്‍ സര്‍ജിക്കല്‍ വിഭാഗം മേധാവി മേരി എലിസബത്ത്, നഴ്‌സിങ് എഡ്യൂകേറ്റര്‍ അതുല്യ തുടങ്ങിയവര്‍ പങ്കെടുത്തു.
ആസ്റ്റര്‍ വളണ്ടിയേഴ്സ് തൊഴിലധിഷ്ഠിത കോഴ്സുകള്‍ പ്രഖ്യാപിച്ചു