വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിന് തിരിച്ചെത്താന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് ലോകം.
ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബച്ച് വില്‍മോറും നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും തിരിച്ചുവരാനാവാത്ത സ്ഥിതിയിലാണ്.നിലവില്‍ ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസും വില്‍മോറും സുരക്ഷിതരാണ്. പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് തിരിച്ചിറക്കം വൈകുന്നത്.
ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും വഹിച്ച് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിക്ഷേപിച്ചത്. ജൂണ്‍ അഞ്ചിനനാണ് ഇരുവരെയും വഹിച്ചുള്ള ബോയിങ് നിര്‍മിച്ച മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ പേടകം നിലയത്തിലെത്തുന്നത്. ഭാവി വിക്ഷേപണ ദൗത്യങ്ങള്‍ക്ക് സ്റ്റാര്‍ലൈനര്‍ പേടകം എത്രത്തോളം പ്രാപ്തമാണെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. പേടകം വിജയകരമായി നിലയവുമായി ബന്ധിപ്പിക്കാനും സഞ്ചാരികള്‍ക്ക് നിലയത്തിലെത്താനും സാധിച്ചിരുന്നുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും കാരണം തിരിച്ചിറക്കം വൈകുകയായിരുന്നു. ഒമ്പത് ദിവസം മാത്രമുള്ള ദൗത്യമാണ് ഇത്രയും ദിവസം നീണ്ടത്.
സാധാരണ നിലയില്‍ 45 ദിവസങ്ങളോളം നിലയത്തില്‍ തുടരാന്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാധിക്കും. ബാക്കപ്പ് സിസ്റ്റങ്ങള്‍ ഉപയോഗിച്ച് 72 ദിവസം വരെ ഇത് ദീര്‍ഘിപ്പിക്കുകയും ചെയ്യാം. എന്നാല്‍ പരീക്ഷണ ദൗത്യത്തിനുപയോഗിച്ച പേടകം അതിന് പ്രാപ്തമാണോ എന്ന് വ്യക്തമല്ല. ഇന്ധന ചോര്‍ച്ച വലിയൊരു വെല്ലുവിളിയാണ്.പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നാസയും ബോയിങ് സംഘവും. വിശദമായപരിശോധനകള്‍ക്ക് ശേഷമേ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും അത് പരിശോധിക്കാനുമുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നാണ് നാസ അധികൃതര്‍ പറയുന്നത്.
ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ
സുനിത വില്യംസിന് തിരിച്ചെത്താന്‍ സാധിക്കുമോ?