തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് നിയമസഭയില്‍ അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത്തരം പിഴവുകള്‍കികെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചികിത്സയില്‍ പിഴവുവരുത്തിയ ഡോക്ടര്‍ക്കെതിരെ സൂര്യാസ്തമയത്തിന് മുന്‍പ് നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. ചികിത്സാ പിഴവുകള്‍ തുടര്‍കഥയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മികച്ച സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.എന്നാല്‍ ചികിത്സയില്‍ ഉണ്ടാകുന്ന പിഴവ് തെറ്റായി തന്നെ കാണും. കര്‍ശന നടപടിയും സ്വീകരിക്കും. കുട്ടിയുടെ കൈവിരലിനുള്ള ശസ്ത്രക്രിയക്ക് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തത് തെറ്റാണ്. അത് തെറ്റായി തന്നെ കണ്ടുകൊണ്ട് അതേദിവസം തന്നെ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ഇത്തരം ചികിത്സാപ്പിഴവ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് പാടില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പില്‍ അഞ്ചും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ പന്ത്രണ്ടും മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം പിഴവുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റെര്‍വെന്‍ഷനും സര്‍ജിക്കല്‍ പ്രോസീജിയറും നടക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് കോട്ടയം മെഡിക്കല്‍ കോളജ്. 2023ല്‍ രാജ്യത്ത് സൗജന്യ ചികിത്സ നടക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒന്നാം സ്ഥാനം ലഭിച്ചതും കോട്ടയം മെഡിക്കല്‍ കോളജിനാണ്.