മൂന്നാം മോദി സര്‍ക്കാര്‍ പ്രതീക്ഷയോടെ ഭാരതം

എഡിറ്റോറിയല്‍

 

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റെടുത്തിരിക്കുകയാണ്. മോദിജിക്ക് മൂന്നാം ഊഴമാണ് പ്രധാനമന്ത്രി പദം. ഒന്നും രണ്ടും മോദി സര്‍ക്കാരുകളെ വിലയിരുത്തുമ്പോള്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതും, അതേ സമയം ആശങ്കകള്‍ ജനിപ്പിച്ച ഇടപെടലുകള്‍ നടത്തിയ ഒരു സര്‍ക്കാറാണിതെന്ന് കാണാന്‍ സാധിക്കും. ഒന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയില്‍ നിന്ന് വ്യത്യസ്തമായ രീതികള്‍ അവലംബിക്കപ്പെട്ടപ്പോള്‍ രാജ്യത്തുടനീളം മോദി സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങളുണ്ടായി. മണിപ്പൂരിലെ വര്‍ഗ്ഗീയ കലാപം, കര്‍ഷകരുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രക്ഷോഭം വിദ്യാര്‍ത്ഥി-യുവജനങ്ങള്‍ നടത്തിയ സമരങ്ങള്‍, പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളെല്ലാം രണ്ടാം മോദി സര്‍ക്കാരിനെതിരെയുള്ളതായിരുന്നു. അതിന്റെയൊക്കെ ഫലമായി ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ല. മാത്രവുമല്ല രണ്ടാം മോദി സര്‍ക്കാരില്‍ പ്രതിപക്ഷം ദുര്‍ബലമായിരുന്നെങ്കില്‍ ഇത്തവണ ശക്തമായ ഒരു പ്രതിപക്ഷത്തെയാണ് ബിജെപിക്ക് നേരിടേണ്ടി വരിക. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ വിജയം. അതാണ് ഈ തിരഞ്ഞെടുപ്പിലൂടെ രാജ്യത്തെ ജനങ്ങള്‍ ലോകത്തിനും, ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കുന്ന സന്ദേശം. ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായിരുന്ന മോദി നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായി. ബിജെപി സര്‍വ്വ സന്നാഹങ്ങളോടെ രംഗത്തിറങ്ങിയിട്ടും രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് കഴിഞ്ഞ പ്രാവശ്യം നല്‍കിയ ഭൂരിപക്ഷം നല്‍കാതിരുന്നത് എന്ത്‌കൊണ്ടാണെന്ന് ബിജെപി നേതൃത്വമാണ് പരിശോധിക്കേണ്ടത്. മാത്രവുമല്ല ജയിച്ചു വന്ന ബിജെപി എംപിമാര്‍ക്ക് ഭൂരിപക്ഷം വളരെ പരിമിതമായിരുന്നു.
ഒന്നാം മോദി സര്‍ക്കാര്‍ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. വികസന പദ്ധതികള്‍, അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിനുണ്ടായ അഭിമാനകരമായ അംഗീകാരം എന്നിവയെല്ലാം എടുത്ത് പറയേണ്ടതാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ ഇപ്പോഴും പരിതാപകരമാണ്. അത് പരിഹരിക്കാന്‍ മോദി സര്‍ക്കാരുകള്‍ വലിയ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. സാധാരണക്കാരെ മുന്‍നിര്‍ത്തിയുള്ളതും, കര്‍ഷകരെ പരിഗണിക്കുന്നതുമായ ഒരു ഭരണമാണ് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നത്.
അദാനിമാരുടെയോ അംബാനിമാരുടേയോ വളര്‍ച്ചയല്ല രാജ്യ വളര്‍ച്ചയെന്ന് ഭരണ കര്‍ത്താക്കള്‍ തിരിച്ചറിയണം. ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും, ആരാധനാലയങ്ങളുടെയും പേരില്‍ ഭിന്നിപ്പിക്കുന്ന നടപടികള്‍ ഭരണ കക്ഷിയായ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാവരുത്. ഭാരതത്തിലെ എല്ലാവരും ഏകോദര സഹോദരങ്ങളാണെന്ന നമ്മുടെ ഭരണാ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണ കര്‍ത്താക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്.
രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടരുത്. അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. രണ്ടാം മോദി സര്‍ക്കാരിന്റെ പല നടപടികളും സുപ്രീംകോടതിയുടെ നിശിത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അപ്പോഴൊക്കെ ജനാധിപത്യ വാദികള്‍ പരമോന്നത കോടതിയിലാണ് അഭയം കണ്ടത്.  നമ്മുടെ രാജ്യം ഒരു മതേതര രാജ്യമാണ്. അതാണ് ഭരണഘടനയുടെ അടിസ്ഥാന ശില. ഭരണഘടനയുടെ അന്തസത്ത തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും ഭാരത ജനത കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദകരമാണ് സുരേഷ് ഗോപിയുടെയും ജോര്‍ജ്ജ് കുര്യന്റെയും മന്ത്രി പദവി. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാവണം. സംസ്ഥാന വികസനത്തില്‍ ഭരിക്കുന്ന സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോള്‍ കേന്ദ്ര മന്ത്രിമാരായി നിയമിക്കപ്പെട്ട സുരേഷ് ഗോപിയുടെയും ജോര്‍ജ്ജ് കുര്യന്റെയും ഇടപെടലിന് യോജിച്ച് നില്‍ക്കണം.
മൂന്നാം മോദി സര്‍ക്കാര്‍ കൂട്ടുകക്ഷി മന്ത്രി സഭയാണ്. ഈ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുമെന്ന് പ്രതീക്ഷിക്കാം. ഭരണഘടനയെ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി അത് സംരക്ഷിക്കുകയും, ജനക്ഷേമ നടപടികളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മൂന്നാം മോദി സര്‍ക്കാര്‍

പ്രതീക്ഷയോടെ ഭാരതം

Share

Leave a Reply

Your email address will not be published. Required fields are marked *