ടാലന്റ് ഏഷ്യന്‍ റെക്കോര്‍ഡ് നേടിയ ശില്‍പി ഗുരുകുലം ബാബു ട്രിവേണി ജി.എം പ്രൊജക്ടിന്റെ ഭാഗമായി ഒരു ശില്‍പം ഒരു മാങ്കോസ്റ്റിന്‍ തൈ നടുക എന്ന പ്രൊജക്ടിലൂടെ ശ്രദ്ധേയനാകുന്നു. ഏറ്റവും വേഗതയില്‍ ഏറ്റവു വലിയ മണല്‍ ശില്‍പ നിര്‍മ്മാണത്തിലൂടെയാണ് ഗുരുകുലം ബാബുവിനെ ടാലന്റ് റെക്കോര്‍ഡ് തേടിയെത്തിയത്. സ്‌കൂള്‍ കോമ്പൗണ്ടിലായാലും പാര്‍ക്കിലായാലും കെട്ടിടങ്ങളുടെ മതിലിലായാലും ശില്‍പ നിര്‍മ്മാണം ഗുരുകുലം ബാബുവിന്റേതാണെങ്കില്‍ സമീപത്തായി ഒരു മാങ്കോസ്റ്റിന്‍ മരം നട്ടിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പോര്‍ട്രെയ്റ്റ് ശില്‍പമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുകുലം ബാബു ആദ്യമായി നിര്‍മ്മിച്ചത്. ആ ഓര്‍മ്മകളുടെ ഭാഗം കൂടിയായാണ് ഇപ്പോള്‍ ഒരു ശില്‍പ്പത്തിന്റെ കൂടെ ഒരു മാങ്കോസ്റ്റിന്‍ തൈ നടുക എന്ന മഹത്തായ കര്‍മ്മം തുടര്‍ന്ന് പോരുന്നത്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എ.ജോണ്‍സണ്‍ നഴ്‌സറിയില്‍ നിന്നും ഗുണമേന്‍മയുള്ള 10ഓളം മാങ്കോസ്റ്റിന്‍ തൈകള്‍ തിരഞ്ഞെടുക്കുകയും ഓഗസ്റ്റ് പതിനഞ്ചിന് മുന്‍പായി പൂര്‍ത്തീകരിക്കുന്ന ശില്‍പങ്ങള്‍ക്ക് സമീപത്തായി ഈ തൈകള്‍ നടുകയും ചെയ്യും. ചിത്രകല, ചുമര്‍ ചിത്രകല, ശില്‍പം, മണല്‍ ശില്‍പം എന്നീ മേഖലകളില്‍ ഒരുപോലെ മികവാര്‍ന്ന വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി 50തിലധികം ശില്‍പങ്ങള്‍ കാമ്പസുകള്‍, പാര്‍ക്കുകള്‍, ബീച്ച് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. 2022ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ ശില്‍പമായ റൈറ്റിംഗ് ഗേള്‍ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച കാപ്റ്റന്‍ വിക്രമിന്റെ ശില്‍പ നിര്‍മ്മാണത്തിന് ശേഷം അത് ദര്‍ശിച്ച വിക്രമിന്റെ മാതാപിതാക്കള്‍ പറഞ്ഞത് ഞങ്ങള്‍ വീണ്ടും തങ്ങളുടെ മകനെ കണ്ടു എന്നാണ്. ഇതാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമെന്ന് ഗുരുകുലം ബാബു പറയുന്നു. പയിമ്പ്രയിലുള്ള സ്വന്തം കുടുംബ ക്ഷേത്രത്തില്‍ മൂലപ്രതിഷ്ഠാ ശ്ലോകത്തെ അടിസ്ഥാനമാക്കിയുള്ള വടുവ ഭൈരവ ചുമര്‍ ശില്‍പം ഏറെ പ്രശംസിക്കപ്പെട്ടു. ബാലുശ്ശേരി ഇയ്യാട് യു.പി.സ്‌കൂളില്‍ നിന്ന് ചിത്രകലാ അധ്യാപകനായി വിരമിച്ച ഇദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്.
എലിഫന്റ് റസ്റ്റോറന്റ് എന്ന പ്രൊജക്ടാണ് തന്റെ സ്വപ്‌ന പദ്ധതിയെന്ന് അദ്ദേഹം പറയുന്നു. ഇതിന് പ്രമുഖ ടൂറിസം കേന്ദ്രത്തില്‍ ഉയര്‍ന്ന ഭാഗത്തായി ഒരു ഏക്കര്‍ സ്ഥലവും നിര്‍മ്മാണ ചിലവിലേക്കായി ഏതാണ്ട് ഒന്നരക്കോടിയോളം രൂപയും ആവശ്യമാണ്. ഇത്തരമൊരു പ്രൊജക്ട് ലോകത്ത് മറ്റൊരിടത്തുമില്ല. ഈ പ്രൊജക്ട് യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ ടൂറിസം വികസനത്തിന് വന്‍ മുതല്‍ക്കൂട്ടാകുകയും വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും വഴിയൊരുക്കും. മാത്രവുമല്ല ശില്‍പ നിര്‍മ്മാണ രംഗത്ത് ലോക റിക്കോര്‍ഡടക്കം കരസ്ഥമാക്കാനും ഈ പ്രൊജക്ട് വഴിയൊരുക്കും.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോ ടൂറിസം വികസനത്തില്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളോ ഇക്കാര്യത്തില്‍ മുന്നോട്ട് വരികയാണെങ്കില്‍ എലിഫന്റ് റസ്റ്റോറന്റ് നിര്‍മ്മാണ പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.