തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. കന്യാകുമാരിയിലേക്ക് 45 മണിക്കൂര്‍ ധ്യാനത്തിന് പോകാനാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്. ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് പോയി. ആദ്യം കന്യാകുമാരിയിലെ ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം. പിന്നീട് ബോട്ടില്‍ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദന് ധ്യാനിച്ച അതേയിടത്ത് വൈകിട്ടു മുതല്‍ മറ്റന്നാള്‍ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും. പിന്നീട് 3.25ന് കന്യാകുമാരിയില്‍നിന്നു തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡല്‍ഹിക്കു മടങ്ങും. 8 ജില്ലാ പൊലീസ് മേധാവികളടക്കം നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.
മോദിയുടെ ധ്യാനത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയെങ്കിലും, ധ്യാനം പ്രചാരണമായി കാണാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ചൂണ്ടിക്കാട്ടി. മൗനവ്രതം നടത്തുന്നതു പ്രശ്നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച അഭിഷേക് മനു സിങ്വിയുടെ വാദം.