എയിംസ് പരീക്ഷയില്‍ കോപ്പിയടി; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

എയിംസ് പരീക്ഷയില്‍ കോപ്പിയടി; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

 

ഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചതിന് അഞ്ച് പേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കമ്പൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റില്‍ (ഐഎന്‍ഐ-സിഇടി) കോപ്പിയടിക്കാന്‍ മൂന്ന് ഉദ്യോഗാര്‍ത്ഥികളെ സഹായിച്ചതിനാണ് രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് സംഭവം.

പഞ്ചാബ് സ്വദേശി ഡോ. വൈഭവ് കശ്യപ് (23) ഹരിയാന സ്വദേശികളായ ഡോ അജിത് സിങ് (44), അമന്‍ സിവാച്ച് (24), വിപുല്‍ ഗൗര (31), ജയന്ത് (22) എന്നിവരാണ് പിടിയിലായത്.

മൊബൈല്‍ ഫോണിലെടുത്ത ചോദ്യപേപ്പറിന്റെ ഫോട്ടോകള്‍ ആപ്പ് വഴി ഡോക്ടര്‍മാര്‍ക്ക് നല്‍കുകയും അവര്‍ ഉത്തരങ്ങള്‍ നല്‍കുകയുമായിരുന്നു. മൂന്ന് ഉദ്യോഗാര്‍ത്ഥികളും പ്രതികള്‍ക്ക് 50 ലക്ഷം രൂപ വീതം വാഗ്ദാനം നല്‍കിയതായി ഡെറാഡൂണ്‍ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. 25 ലക്ഷം മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ബാക്കി തുക പരീക്ഷ ഫലം പ്രസിദ്ധീകരിച്ച ശേഷം നല്‍കാമെന്നായിരുന്നു ഉടമ്പടി.

പരീക്ഷയ്ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പ് മാഫിയയിലെ ചിലര്‍ സഹായിക്കുന്നുണ്ട് എന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മൂന്ന് ടാബ്ലെറ്റ്, മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ട് മെഡിക്കല്‍ പുസ്തകങ്ങള്‍, പ്രതികള്‍ ഉപയോഗിച്ച കാര്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി എയിംസ് വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് ഐഎന്‍ഐ-സിഇടി. ഞായറാഴ്ചയാണ് പരീക്ഷ നടന്നത്.

 

എയിംസ് പരീക്ഷയില്‍ കോപ്പിയടി; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

Share

Leave a Reply

Your email address will not be published. Required fields are marked *