ഇന്നത്തെ ചിന്താവിഷയം,  സൂപ്പര്‍ സ്റ്റാര്‍ നിങ്ങള്‍

ഇന്നത്തെ ചിന്താവിഷയം, സൂപ്പര്‍ സ്റ്റാര്‍ നിങ്ങള്‍

മനുഷ്യസഹജമാണ് കഴിവുകള്‍. കഴിവുകളില്ലാത്തവരായി ആരും തന്നെ ഇല്ല. പലതരം കഴിവുകള്‍ മനുഷ്യനില്‍ മറഞ്ഞു കിടക്കാറുണ്ട്. അതിനെ ഉണര്‍ത്തുക പുറത്തു കൊണ്ടു വരുക പ്രകടമാക്കുക ഇവയൊക്കെ ശ്രമകരമായ പ്രവൃത്തിയത്രെ. ബാല്യത്തില്‍ സ്വന്തം മാതാപിതാക്കളും വിദ്യാഭ്യാസ കാലത്ത് അദ്ധ്യാപകരും ഗുരുക്കന്മാര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ സൗഹൃദ ഹൃദയങ്ങളും കഴിവുകള്‍ക്ക് തുണയാകാറുണ്ട്. ജഗദീശ്വരന്‍ ഏവര്‍ക്കും കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അതിനെ കണ്ടെത്തി പ്രകടിപ്പിക്കുമ്പോഴാണ് അവന്റെ അവളുടെ വ്യക്തിത്വം പൂര്‍ണ്ണമാകുന്നത്. അത് കലയിലാകട്ടെ കായിക രംഗമാകട്ടെ മറ്റു തുറകളാകട്ടെ ശോഭിക്കുക എന്നതായിരിക്കണം ഒരോരുത്തരുടെയും ദൗത്യം. പലരും മടിപിടിച്ചും അലസതയേറിയും കര്‍മ്മ മുഖത്തെ വൃണപ്പെടുത്താറുണ്ട്. അവര്‍ പിന്‍തള്ളപ്പെടുകയും വ്യക്തിത്വത്തില്‍ ആരും അല്ലാതെ അവസാനം ജീവിച്ചു മണ്ണടിയുകയും ചെയ്യുന്നു. ഇവിടെയാണ് നാം നമ്മുടെ ചിന്തകളില്‍ ശ്രദ്ധിക്കേണ്ടത്. നമ്മുടെ മനസ്സും ശരീരവും ഉല്‍ബോധാവസ്ഥയിലാണോ. നാം ചിന്തിക്കുന്നത് നന്മയില്‍ നിന്നു കൊണ്ടാണോ? തിന്മയിലാണ് നില്‍ക്കുന്നതെങ്കില്‍ എങ്ങനെ അതിനെ വര്‍ജ്ജിക്കാനാകും. ഇത്തരം ചോദ്യങ്ങളും ചോദ്യത്തിനെല്ലാം പരിഹാരങ്ങളും കണ്ടെത്തുന്നതോടെ ജീവിതത്തില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി ആര്‍ജ്ജിക്കാനാകുന്നു. ഏവരും സൂപ്പര്‍ തന്നെയാണ്. ഒന്നിനും കൊള്ളാത്തവരായി ആരും ഇല്ല. അങ്ങനെ ഒരു സ്ഥിതിവിശേഷം ജനിപ്പിക്കുന്നുവെങ്കില്‍ അതിനുത്തരവാദി അവനവന്‍ തന്നെ. ഏതിനും സമയം ഉണ്ട്. കളിക്കണ്ട സമയത്ത് കളിക്കുക,പഠിക്കണ്ട സമയത്ത് പഠിക്കുക, ജോലി ചെയ്യണ്ട സമയത്ത് ജോലി ചെയ്യുക മുതലായ നിഷ്ഠകള്‍ പുരോഗതിയുടെ ഭാഗമത്രെ. അവ വേണ്ടവണ്ണം ഉപയോഗിക്കുമ്പോള്‍ നമ്മള്‍ വിജയത്തില്‍ എത്തപ്പെടുന്നു. ഇവിടെ ജീവിതം കുറച്ചു കാലഘട്ടമേയുള്ളു എന്ന തിരിച്ചറിവ് പ്രോത്സാഹന ജനകമാകാറുണ്ട്. അവിടം കൊണ്ടും ബോധവും അറിവും ജ്ഞാനവും അവസാനിക്കുന്നില്ല. ഏറ്റവും വലിയ അറിവായി നെഞ്ചിലേറ്റണ്ട ഒരു കാര്യം ഉണ്ട്. അത് ഒരു കാറ്റടിച്ചാല്‍ കെട്ടുപോകുന്ന ദീപം പോലെ സമുദ്രം ക്ഷോഭിച്ചാല്‍ തകര്‍ന്നു പോകുന്ന വള്ളം പോലെയത്രെ നമ്മള്‍ ധരിച്ചരിക്കുന്ന ജീവന്‍. അതു കൊണ്ട് ഈ ഭൂമിയില്‍ ഉള്ള കാലത്തോളം സ്‌നേഹമായിട്ട് വാത്സല്യമായിട്ട് ത്യാഗമായിട്ട് ദയയായിട്ട് സഹനമായിട്ട് ജീവിക്കുക. അവിടെ ഈശ്വര ചൈതന്യം വന്നു ചേരും. ഈശ്വരചൈതന്യം മനസ്സില്‍ കുടികൊണ്ടാല്‍ അത് വ്യക്തിപ്രഭാവമായി. വ്യക്തിപ്രഭാവമുള്ളവര്‍ സൂപ്പര്‍സ്റ്റാറുകള്‍ തന്നെ. മനസ്സിന്റെ ജീവിതത്തന്റെ കുടുംബത്തിന്റെ ദേശത്തിന്റെ രാജ്യത്തിന്റെ ലോകത്തിന്റെ ഒക്കെ സൂപ്പര്‍ സ്റ്റാറായി അവര്‍ക്കു മാറാനാകും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയൂരാരോഗ്യവും നേരുന്നു.

കെ. വിജയന്‍ നായര്‍
ഉല്ലാസ് നഗര്‍ (മുംബൈ)
ഫോണ്‍: 9867 24 2601

 

 

ഇന്നത്തെ ചിന്താവിഷയം, സൂപ്പര്‍ സ്റ്റാര്‍ നിങ്ങള്‍

Share

Leave a Reply

Your email address will not be published. Required fields are marked *