ഇന്നത്തെ ചിന്താവിഷയം  വിമര്‍ശനം എങ്ങനെ സ്വീകരിക്കാം

ഇന്നത്തെ ചിന്താവിഷയം വിമര്‍ശനം എങ്ങനെ സ്വീകരിക്കാം

അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുപോലെ വിമര്‍ശിക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം ആരോഗ്യപരമായിരിക്കണം. ഇന്ന് കാണാത്തതും അതു തന്നെ. ആരോഗ്യ പരമായ വിമര്‍ശനത്തിനു പകരം വളര്‍ത്തുനായക്കളേപ്പോലെ വാലാട്ടു സ്വഭാവം കാട്ടുന്ന തരം വിമര്‍ശനങ്ങള്‍ കണ്ടു വരുന്നു. അത് സ്വീകരിക്കാനാകില്ല. അത്തരം വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നു വയ്ക്കുക. കാരണം തികച്ചും സ്വാര്‍ത്ഥ താല്‍പ്പര്യമാണത്. അത്തരം വിമര്‍ശനങ്ങള്‍ ഏറെ ഉപദ്രവങ്ങളത്രെ. ജീവിതത്തെ നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന കൂട്ടരാണ് അവര്‍. അത്തരക്കാരെ എതിര്‍ത്തിട്ടു ഫലമില്ല. ജീവിതത്തിലും സമൂഹത്തിലും ഒരുപോലെ കഷ്ടപ്പെടുത്തുന്ന വിമര്‍ശനക്കാരെ നാം അകറ്റിനിര്‍ത്തുന്നതായിരിക്കും ഭംഗി. വിമര്‍ശനം ഗുണപരമായിരിക്കണം. അതിന് വിമര്‍ശനം ക്രിയാത്മത കാത്തു സൂക്ഷിക്കണം. ഒരു നല്ല വിമര്‍ശനം ഒരു നല്ല ഗുരുവിനു തുല്യമാണ്. ഗുരു എന്നും ശിഷ്യര്‍ക്ക് അദ്ധ്യാപകന്‍ മാത്രമല്ല, കൂട്ടുകാരന്‍ കുടിയാണ്. സാരോപദേശവും സാന്ത്വനവും ഗുരു നല്‍കുന്നു. സമഭാവനയുള്ള ഗുരു ഏവര്‍ക്കും മുതല്‍ കുട്ടായിരിക്കും. തെറ്റും ശരിയും മനസിലാക്കി തരുമ്പോഴും തെറ്റാവര്‍ത്തിക്കരുത് എന്ന ഉപദേശവും നല്‍കുന്നു. അതു കൊണ്ട് വിമര്‍ശനം തളര്‍ത്തുന്നില്ല. അത് നമ്മള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു തരുന്നു. നല്ല വിമര്‍ശനം നമുക്ക് പ്രചോദനമായിരിക്കും. അതു നമ്മുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നു. ഉത്തമമായ വിമര്‍ശനങ്ങളില്‍ നമുക്ക് നേരായ വഴികാട്ടിത്തരുന്നു. അത് അറിവിലേയ്ക്കും ബോധത്തിലേയ്ക്കും ജ്ഞാനത്തിലേയ്ക്കും നമ്മളെ കൈ പിടിച്ചുയര്‍ത്തും. ആജ്ഞാപിക്കുക, ആക്രോശിക്കുക ശകാരിക്കുക മുതലായവ ഒരിക്കലും വിമര്‍ശനത്തിന്റെ മുഖങ്ങളല്ല. ഉത്തമ വിമര്‍ശനം ആരെയും കുറ്റപ്പെടുത്താതെ സ്‌നേഹവാത്സല്യങ്ങളുടെ മൂലധനമായിരിക്കും. ഏതു പ്രവര്‍ത്തികളിലും വിമര്‍ശനം ഉണ്ടായേ മതിയാവൂ. വിമര്‍ശനമുളളിടത്ത് പ്രോത്സാഹനം ജനിപ്പിച്ചിരിക്കണം. അതിനു കഴിയാത്തവയൊക്കെ അനാരോഗ്യത്തിനു വഴിവയ്ക്കുന്നു. ചിന്തയേയും പ്രവൃത്തിയെയും മലീമസമാക്കുന്നു. സഹിഷ്ണതയോടെ കാര്യകാരണസഹിതം വിഷയത്തെ വിശകലനം ചെയ്തു പൂര്‍ണ്ണമായി ബോധ്യപ്പെടുത്താനാകുമ്പോഴേ വിമര്‍ശനത്തെ സ്വീകരിക്കാനാകുക.

കെ. വിജയന്‍ നായര്‍
ഫോണ്‍: 9867 24 2601

 

 

ഇന്നത്തെ ചിന്താവിഷയം

വിമര്‍ശനം എങ്ങനെ സ്വീകരിക്കാം

 

Share

Leave a Reply

Your email address will not be published. Required fields are marked *