എഡിറ്റോറിയല്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാനകമ്പനിയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം നടന്ന വലിയ പരിഷ്‌ക്കാര നടപടികളാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന മിന്നല്‍ സമരത്തിനാധാരം. യാത്രക്കാരെ ദുരിതത്തിലാക്കിയ ഈ മിന്നല്‍ സമരത്തിലൂടെ പ്രവാസികളടക്കമുള്ള ആയിരങ്ങള്‍ക്കുണ്ടായ കഷ്ട നഷ്ടങ്ങള്‍ വളരെ വലുതാണ്. എയര്‍ ഇന്ത്യയില്‍ പണിമുടക്കുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും കാബിന്‍ ക്രൂ അടക്കമുള്ള ജീവനക്കാര്‍ ഒന്നിച്ച് പണിമുടക്കുന്നത് ഇതാദ്യമാണ്. ഇതാണ് അക്ഷരാര്‍ത്ഥത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. പ്രതിദിനം 380 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സപ്രസ്സ് നടത്തുന്നത്. 2500 പേരാണ് കാബിന്‍ ക്രൂ ആയി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ജോലിയെടുക്കുന്നത്. ടാറ്റ ഏറ്റെടുത്തതിന് ശേഷം വലിയ മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. ഇതാണ് മിന്നല്‍ പണിമുടക്കിലേക്കെത്തിച്ചത്. കാബിന്‍ ക്രൂവായി ജോലി ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും 15-20 വര്‍ഷം സര്‍വീസുള്ളവരാണ്. ടാറ്റ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളില്‍ ഇവര്‍ അസംതൃപ്തരായിരുന്നു. പുതുതായി വന്ന ജീവനക്കാരും, സീനിയേഴ്‌സും തമ്മില്‍ വലിയ അസ്വാരസ്യം ഉണ്ടായിരുന്നു. സ്വകാര്യ മേഖല എപ്പോഴും ജീവനക്കാരുടെ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കിയാണ് ശമ്പളവും, മറ്റ് വേതനങ്ങളും നല്‍കാറ്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചപ്പോള്‍ ഏറ്റവും ജൂനിയര്‍ ആയവര്‍ക്ക് പോലും ഏറ്റവും സീനിയറായവരേക്കാള്‍ ശമ്പളം കിട്ടാന്‍ തുടങ്ങി. എയര്‍ ഏഷ്യയുമായി നടത്തിയ ലയനത്തിലൂടെ കാബിന്‍ ക്രൂ അംഗങ്ങളുടെ പല അലവന്‍സുകളും നഷ്ടമായി. വിമാനം എത്തുന്ന സ്ഥലങ്ങളില്‍ കാബിന്‍ ക്രൂ മുറി പങ്കിടണമെന്ന പുതിയ വ്യവസ്ഥയും എതിര്‍പ്പുണ്ടാക്കി. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ആദ്യം ഒരാള്‍ക്ക് ഒരു മുറിയാണ് അനുവദിച്ചിരുന്നത്. ഇപ്പോളത് രണ്ട് പേരായി പങ്കുവെക്കേണ്ടതായി വന്നു. ഇത്തരം പ്രശ്‌നങ്ങള്‍ മൂലം കമ്പനിക്കുള്ളിലുണ്ടായ ഉരസലാണ് മിന്നല്‍ പണിമുടക്കിലേക്കെത്തിച്ചത്. ഇത് മൂലം ദുരിതമനുഭവിക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. അവധിക്കാലമായതിനാല്‍ വലിയ തിരക്കുള്ള സമയമാണിത്. എയര്‍ ഇന്ത്യ എക്‌സപ്രസ്സ് വിമാനങ്ങള്‍ മുടങ്ങിയതോടെ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാണ് ഉയര്‍ന്നത്. ഇതും പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. റദ്ദാക്കിയ ഫ്‌ളൈറ്റിന്റെ ടിക്കറ്റ് നിരക്ക് മടക്കി കിട്ടിയാല്‍ പോലും തുടര്‍ യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുക കൂടുതല്‍ ചിലവഴിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഇതിനെതിരെ വിവിധ പ്രവാസി സംഘടനകള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാത്രക്കാര്‍ക്ക് നീതി ലഭിക്കാന്‍ നടപടിയെടുക്കേണ്ടതാണ്.