മോട്ടോര്‍ വാഹന വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

എഡിറ്റോറിയല്‍

 

ഡ്രൈവിംങ് ടെസ്റ്റ് പാസായവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ വലിയ കാലതാമസമാണ് ഉണ്ടാവുന്നത്. ഈ വിഷയം ഇതുവരെ പരിഹരിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാതിരിക്കുന്നത് ശരിയല്ല. അതിനിടയിലാണ് ഡ്രൈവിംങ് ടെസ്റ്റ് കഴിഞ്ഞ ഏഴ് ദിവസമായി മുടങ്ങിക്കിടക്കുന്നത്. ഡ്രൈവിംങ് ടെസ്റ്റില്‍ വരുത്തിയ ചില മാറ്റങ്ങള്‍ക്കെതിരെ മോട്ടോര്‍ ഡ്രൈവിംങ് സ്‌കൂളുകള്‍ പ്രതിഷേധ സമരത്തിലാണ്. അവരുടെ ഭാഗം കൂടി കേട്ടതിന് ശേഷം ഇക്കാര്യത്തില്‍ ശാസ്ത്രീയ നടപടികള്‍ ഡ്രൈവിംങ് ടെസ്റ്റിന്റെ കാര്യത്തില്‍ കൈക്കൊള്ളണം. സംസ്ഥാനത്ത് പ്രതിവര്‍ഷം അയ്യായിരത്തോളം പേരാണ് വാഹനപകടങ്ങളില്‍ ജീവന്‍ പൊലിയുന്നത്. അമ്പതിനായിരത്തോളം പേര്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. റോഡപകടങ്ങള്‍ കുറക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഡ്രൈവിംങ് ടെസ്റ്റുകള്‍ കൃത്യമായി നടത്തിയതിന് ശേഷം മാത്രമേ ഡ്രൈവിംങ് ലൈസന്‍സുകള്‍ അനിവദിക്കൂ. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതോടൊപ്പം, അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും, പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള ശിക്ഷകള്‍ ഉറപ്പാക്കണം. ഡ്രൈവിംങ് ടെസ്റ്റ് നിലച്ചിട്ട് 7 ദിവസമായിട്ടും പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയ്യെടുക്കേണ്ടവര്‍ അനങ്ങാപ്പാറ നയത്തിലാണ്.

വകുപ്പ് മന്ത്രി ഇന്തോനേഷ്യയിലും, മുഖ്യ മന്ത്രി വേദേശ യാത്രയിലും, ഗതാഗത കമ്മീഷണര്‍ രണ്ട് ദിവസം അവധിയിലുമാണെന്നാണ് മനസ്സിലാവുന്നത്. ഓരോ ദിവസവും ഡ്രൈവിംങ് ടെസ്റ്റിനായി ഗ്രൗണ്ടിലെത്തി നിരാശയോടെ മടങ്ങുന്നത് ആയിരങ്ങളാണ്. കത്തുന്ന ചൂടില്‍ കാത്ത് നിന്ന് മടങ്ങുന്നവരുടെ വേവലാതികള്‍ക്ക് ഭരണ കര്‍ത്താക്കള്‍ മറുപടി പറയേണ്ടി വരും. ലേണിംങ് ടെസ്റ്റ് പാസായി ഡ്രൈവിംങ് ലൈസന്‍സിനായി കാത്തിരിക്കുന്നത് 10 ലക്ഷത്തിലേറെയെന്നാണ് കണക്ക്. ഡ്രൈവിംങ് ടെസ്റ്റ് സര്‍ക്കാര്‍ സമയത്ത് നടത്താത്തതിനാല്‍ ലേണേഴ്‌സ് റദ്ദായി വീണ്ടും അപേക്ഷിക്കേണ്ടി വരുമെന്നാണ് മനസിലാവുന്നത്. ഡ്രൈവിംങ് ടെസ്റ്റ് കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുന്‍പ് ആവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യമുന്നയിച്ച് മോട്ടോര്‍ ഡ്രൈവിംങ് അസോസിയേഷനുകള്‍ സമര രംഗത്താണ്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തി ലൈസന്‍സ് എടുക്കാന്‍ ശ്രമിച്ചവരും പ്രതിസന്ധിയിലാണ്. മന്ത്രിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ വകുപ്പിന്റെ പ്രവര്‍ത്തനം സുഗമമല്ലെന്ന് അഭിപ്രായമുണ്ട്. ഇതുകാരണം ലക്ഷക്കണക്കിന് പേരാണ് പ്രയാസപ്പെടുന്നത്.

ഡ്രൈവിംങ് ലൈസന്‍സ് പാസായവര്‍ക്ക് ലൈസന്‍സ് കിട്ടാത്തതും വലിയ വിഷമമാണ്. ലൈസന്‍സ് പ്രിന്റ് ചെയ്ത സ്ഥാപനത്തിന് കുടിശ്ശിക ഉള്ളതിനാലാണ് അത് തടസ്സപ്പെട്ടത്. ഇതെല്ലാം കൂടി മോട്ടോര്‍ വാഹന വകുപ്പിലെ പ്രശ്‌നങ്ങള്‍ അനവധിയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

 

 

മോട്ടോര്‍ വാഹന വകുപ്പിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *