ബുദ്ധിശക്തിയിലും കഴിവിലും മനുഷ്യന്‍ തന്നെ മുന്നില്‍. അവന്റെ ബുദ്ധിയുടെ അപാരത കഴിവിന്റെ പ്രഗത്ഭത അളക്കാനാകുന്നില്ല. അളക്കുന്തോറും പിന്നെയും ബാക്കി നില്‍ക്കുന്ന പ്രതിഭാസം. പലപ്പോഴും ഒരുവന്റെ കഴിവുകള്‍ അറിയാതെ പോകുന്നു. അതിന് കാരണങ്ങള്‍ പലതുമുണ്ടായിരിക്കും. കഴിവു കണ്ടെത്തി ഉണര്‍ത്തുന്നിടത്ത് വിജയം വന്നു വിളിക്കും. ഏതു കഴിവുകളും സുപ്രധാനമാണ്. അത് കലയിലാകട്ടെ, സംഗീതത്തിലാകട്ടെ, വിദ്യയിലാകട്ടെ, കായിക സാംസ്‌ക്കാരിക തലങ്ങിളിലാകട്ടെ, ജോലിയിലാകട്ടെ കഴിവുകള്‍ പ്രകടമാക്കുക തന്നെ വേണം. ചിലപ്പോള്‍ പരിശീലനവും അഭ്യാസവും വേണ്ടിവരും. അവിടെ അസൂയക്കോ അപകര്‍ഷതാബോധത്തിനോ സ്ഥാനമില്ല. നമ്മളിലെ അറിവും ബോധവും ജ്ഞാനവും കൊണ്ട് കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ വിജയം നേടുന്നു. ഏതു കഴിവും കഠിനാദ്ധ്വാനത്തേയും സ്ഥിരോത്സാഹത്തേയും ആശ്രയിച്ചിരിക്കുന്നു. കഠിനാദ്ധ്വാനവും സ്ഥിരോത്സാഹവും ഇല്ലാത്തിടത്ത് പുല്ലു പോലും വളരില്ല. ആരോഗ്യമുള്ള ശരീരത്തിലേ പ്രൗഢമായ മനസ്സിരിപ്പൂ . പ്രൗഢമായ മനസ്സില്‍ സുപ്രധാനമായ കഴിവുകള്‍ പ്രകടമാകും. അത് എങ്ങനെ ഉപയോഗിക്കുക എന്നതാണ് അടുത്ത കടമ്പ. ഒരോ കടമ്പ കടക്കുമ്പോഴും കഴിവുകള്‍ ഒരോന്നായി പുറത്തു വരുകയും അത് ജീവിതത്തിന് വഴിത്തിരിവാകുകയും ചെയ്യുന്നു. ഏതു വഴിത്തിരിവും പ്രാധാന്യമര്‍ഹിക്കുന്നു. സ്വന്തം കാലില്‍ നിന്നു കൊണ്ട് എത്രമാത്രം പ്രാപ്തി നേടുന്നുവോ അത്രമാത്രം കഴിവുകളും വന്നു ചേരുന്നു. സ്വയം ചിന്തിക്കാനും ചിന്തയിലൂടെ കണ്ടെത്താനും കഴിയുന്നിടത്ത് അവനവനെ അറിയുകയും അത്തരം അറിവുകള്‍ ബോധത്തെ ഉത്തേജിപ്പിക്കയും അത് ജ്ഞാനം പ്രകാശിപ്പിക്കുകയും ചെയ്യുന്നു. മനസ്സുകൊണ്ടും ശരീരം കൊണ്ടും നമ്മള്‍ ഉണരണം. എങ്കിലെ കഴിവിന്റെ സുപ്രധാനത കണ്ടെത്താനാകൂ. നമ്മില്‍ ഒളിഞ്ഞു കിടക്കുന്ന സിദ്ധികളെ താലോലിക്കുന്നിടത്ത് ജീവിതഭദ്രത ശക്തമാകും. ജീവിതം തന്നെ ആനന്ദമാകും. ആനന്ദം ആത്മനിര്‍വൃതിയായി മാറുന്നിടത്ത് പരാമാത്മതത്വത്തെ അറിയുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
ഫോണ്‍: 9867 24 2601
ഇന്നത്തെ ചിന്താവിഷയം
സുപ്രധാനമായ കഴിവുകള്‍