ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുമ്പ് മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സുപ്രീം കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് ഒരാഴ്ച മുമ്പ് (മാര്‍ച്ച് 21) കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇഡി ഇന്ന് അറിയിക്കണമെന്ന് ഏപ്രില്‍ 30ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
വാദം തീരാനുള്ള താമസം ചൂണ്ടിക്കാട്ടിയാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഇടക്കാല ജാമ്യം നല്‍കുന്നതിനെ ഇ.ഡി. എതിര്‍ത്തു. ജാമ്യം ലഭിച്ചിട്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ മറ്റുനേതാക്കള്‍ പുറത്ത് നടത്തുന്ന പ്രസ്താവനകള്‍ ശ്രദ്ധയില്‍ എടുക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
‘ഇടക്കാല ജാമ്യം നല്‍കും എന്ന് പറയുന്നില്ല. എന്നാല്‍ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം നല്‍കുന്ന പരിഗണിക്കേണ്ടി വരുംമെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.
മാര്‍ച്ച് 21-നാണ് ഡല്‍ഹിയിലെ മദ്യനയ അഴിമതിക്കേസുമായി കെജ്രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തിയിരുന്നു. എന്നാല്‍ കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ജയിലില്‍ നിന്ന് ഭരണകാര്യങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലികളില്‍ കെജ്രിവാളിന്റെ അറസ്റ്റ് വന്‍തോതില്‍ ചര്‍ച്ചയായി. കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുകയും ചെയ്തിരുന്നു.
കെജ്രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കും; സുപ്രീംകോടതി