ഇന്ത്യാ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും; പി.സി.ചാക്കോ

ഇന്ത്യാ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും; പി.സി.ചാക്കോ

കോഴിക്കോട്: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ പൊതുവെയുള്ള ധാരണ തെറ്റാണൈന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ഇലക്ഷന്‍ എക്സ്ചേഞ്ച് കണക്റ്റിങ് ലീഡേഴ്സ് പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 534 പേരുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ 400 സീറ്റ് കിട്ടുമെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശ വാദം ദിവസങ്ങളോളമാണ് ദേശീയ ചാനലുകളും പത്രങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത്. ഇത് മോദിയുടെ ഒരു ക്ലെയിം മാത്രമാണ്. ഇത് ഒരിക്കലും ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമല്ല. നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെങ്കിലും ഇന്ദിരാഗാന്ധിയടക്കം പല പ്രമുഖരെയും യഥാ സമയങ്ങളില്‍ പരാജയത്തിന്റെ രുചി നുണയിച്ചവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കൃത്യമായി സ്വയം ഗ്രഹിക്കാന്‍ കഴിയുന്നവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍ 2014ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിനെ ശരിയായി വിലയിരുത്തി അവര്‍ക്ക് തടയിടാന്‍ 2019ല്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കില്‍ മോദി ഭരണം 2019ല്‍ വരില്ലായിരുന്നു. 2019ല്‍ പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് മുന്‍കൈ എടുക്കാതിരുന്നത്‌കൊണ്ടാണ് താലത്തില്‍ വെച്ച് നീട്ടിയത് പോലെ ബിജെപിക്ക് ഭരണം ലഭിച്ചത്.

2019ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം പറഞ്ഞറിയിക്കാനാവാത്തതാണ്. ഈ തിരഞ്ഞെടുപ്പില്‍ യു.പി, ബീഹാര്‍, മഹാരാഷ്ട്ര, എന്നിവിടങ്ങളില്‍ ബിജെപിക്ക് വലിയ പരാജയം നേരിടേണ്ടി വരും. സൗത്ത് ഇന്ത്യയില്‍ ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനാവില്ല. ഇന്ത്യയിലെ മാധ്യമങ്ങള്‍ അറിഞ്ഞോ, അറിയാതെയോ നിര്‍വ്വഹിക്കുന്നത് അപകടകരമായ ധര്‍മ്മമാണ്. ഇന്ത്യയില്‍ ജനാധിപത്യത്തിലൂടെ ഫാസിസം വരികയാണ്. ട്രാന്‍പരന്‍സ് ഇന്‍ഡക്‌സില്‍ രാജ്യം 40% പുറകോട്ട് പോയി. ഇത് മാധ്യമങ്ങള്‍ കണ്ണു തുറന്ന് കാണണം.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 214 ദിവസം മാത്രമാണ് പാര്‍ലമെന്റ് സമ്മേളിച്ചത്. മുന്‍ കാലങ്ങളില്‍ 500, 470 ദിവസം പാര്‍ലമെന്റ് ചേരുകയും ഗൗരവമേറിയ ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോള്‍ പൗരത്വ നിയമമായാലും, ഇലക്ട്രല്‍ ബോണ്ടായാലും പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചക്ക് പോലും അവസരം നല്‍കാതെ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു. പാര്‍ലമെന്റിനെ നോക്ക് കുത്തിയാക്കി അഴിമതിയെ മോദി ലീഗലൈസ് ചെയ്തു. അതാണ് ഇലക്ട്രല്‍ ബോണ്ട്.

കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള ബിജെപിയുടെ ആദ്യ ചുവട്‌വെപ്പാണ് പൗരത്വ ബില്‍. പൗരത്വത്തിന്റെ മാനദണ്ഡം മതമല്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച ഭരണഘടനയാണ് നമ്മുടേത്. മോദി അട്ടിമറിച്ച ലേബര്‍ നിയമങ്ങളെക്കുറിച്ച് കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലില്ല. കോണ്‍ഗ്രസ് എക്കാലത്തും മൃദു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അത് തന്നെയാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണങ്ങളിലൊന്ന്.

1100ഓളം കര്‍ഷകരുടെ ജീവന്‍ ബലിയര്‍പ്പിച്ച കര്‍ഷക സമരം നടത്തിയ കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ചും പ്രകടന പത്രികയില്‍ കൃത്യമായ പരിഹാരം നിര്‍ദ്ദേശിച്ചിട്ടില്ല.

ബിജെപി രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ജസ്റ്റിസ് ലോഹ്യയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത പത്ര പ്രവര്‍ത്തകനെക്കുറിച്ച് യാതൊരു വിവരവുമില്ല. മാധ്യമങ്ങളെയും വ്യവസായികളെയും, ജനങ്ങളെയും ബിജെപി പേടിപ്പിക്കുകയാണ്. യുപിയില്‍ പശുവിന്റെ പേരില്‍ 2000 പേരാണ് കൊല്ലപ്പെട്ടത്.കേരളത്തില്‍ 20 സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്തായിരിക്കും.

പരിപാടിയില്‍ പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറി പി.എസ്.രാഗേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എം.ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. എന്‍സിപി സംസ്ഥാന ജന.സെക്രട്ടറി അഡ്വ.എം.പി.സൂര്യനാരായണനും സംബന്ധിച്ചു.

 

 

 

 

 

ഇന്ത്യാ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ
അധികാരത്തിലെത്തും; പി.സി.ചാക്കോ

Share

Leave a Reply

Your email address will not be published. Required fields are marked *