തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26ന്
ന്യുഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19ന്. രണ്ടാം ഘട്ടം ഏപ്രില്‍ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്. നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ നാലിന് വോട്ടെണ്ണല്‍. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.
97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടര്‍മാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടര്‍മാര്‍. 48000 ട്രാന്‍സ്ജെന്‍ഡേഴ്സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേര് കന്നി വോട്ടര്‍മാരാണ്. 19.7 കോടി വോട്ടര്‍മാരും 20 മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളില്‍ 82 ലക്ഷം വോട്ടര്‍മാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
രാജ്യം തെരഞ്ഞെടുപ്പിന് പൂര്‍ണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി. എല്ലാവരോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഗ്യാന്‍ ഭവനിലാണ് വാര്‍ത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിങ് സന്ധുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു.