ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണം 150 നാളുകള്‍ പിന്നിടുമ്പോള്‍ അടിയന്തര താല്‍ക്കാലിക വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് വ്യക്തമാക്കി അമേരിക്ക. ഗസ്സയില്‍ സഹായം എത്തിക്കാന്‍ വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള ഏകോപനത്തിന് മുന്നിട്ടിറങ്ങുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. അതിനിടെ, ഗസ്സയില്‍ രക്തസാക്ഷികളെ അടക്കിയ ഖബര്‍സ്ഥാനുനേരെയും ഇസ്രായേല്‍ ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. കെയ്റോയിലേക്ക് ചര്‍ച്ചയ്ക്കായി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് ഇസ്രായേല്‍.
ഉപാധികള്‍ക്ക് വിധേയമായുള്ള വെടിനിര്‍ത്തലിന് ഒരുക്കമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ഏതാനും ഫലസ്തീന് സ്ത്രീകള്‍ക്കുനേരെ ഇസ്രായേല്‍സേന ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചതായി യു.എന്‍ സംഘം വെളിപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലബനാന് അധികൃതരും അറിയിച്ചു.
150 നാള് നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗസ്സയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് യു.എന്‍ മുന്നറിയിപ്പ്. വടക്കന്‍ ഗസ്സയിലേക്ക് ഭക്ഷണ സഹായം ഉറപ്പാക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒട്ടും വൈകരുതെന്നാണ് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആവശ്യപ്പെട്ടത്. കടല്‍മാര്‍ഗം ഗസ്സയിലേക്ക് കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പദ്ധതിക്ക് രൂപംനല്‍കുമെന്നും അമേരിക്ക അറിയിച്ചു. ഇസ്രായേല്‍ മന്ത്രി ഗാന്റ്സുമായി നാളെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന് നടത്തുന്ന ചര്‍ച്ചയില്‍ ഗസ്സക്കുള്ള സഹായം പ്രധാന അജണ്ടയാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇസ്രായേലിനുള്ള സൈനിക സഹായവും ചര്‍ച്ചയാകും.