കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ പഠിക്കാം. റഗുലറായി ഒരു ബിരുദമെടുത്തവര്‍ക്ക് പിന്നീട് മറ്റൊരു ബിരുദ കോഴ്സിന് ചേരാനാവില്ലെന്ന നിബന്ധനയും ഒഴിവാക്കി. 2022 ലെ യുജിസി നിര്‍ദേശം സര്‍വകലാശല ഭാഗികമായി നടപ്പാക്കിയതോടെയാണ് ചരിത്രത്തില്‍ ആദ്യമായി ഇരട്ട ബിരുദ പഠനത്തിന് അവസരമൊരുങ്ങിയത്.
ഒരേ കാലയളവില്‍ 2 വിഷയങ്ങളില്‍ യോഗ്യത അനുസരിച്ച് ബിരുദമോ, ബിരുദാനന്തര ബിരുദമോ എടുക്കാം. റഗുലര്‍ കോഴ്സില്‍ ചേരാനാവില്ല. എന്നാല്‍ റഗുലറായി ബിരുദമോ പിജിയോ പഠിച്ച് കൊണ്ടിരിക്കുന്ന കാലയളവില്‍ തന്നെ ഓപ്പണ്‍, വിദൂരവിദ്യാഭ്യാസം, ഓണ്‍ലൈന്‍ മോഡ് എന്നിവയില്‍ മറ്റൊരു കോഴ്സിന് ചേരാനാണ് അവസരം. റഗുലര്‍ വിദ്യാര്‍ഥിക്ക് അതേ കാലയളവില്‍ മറ്റൊരു റഗുലര്‍ കോഴ്സിന് ചേരാമെന്നാണ് യുജിസി നിര്‍ദേശമെങ്കിലും കാലിക്കറ്റ് അനുമതി നല്‍കിയിട്ടില്ല.
കാലിക്കറ്റിലെ നിലവിലെ നിയമപ്രകാരം റഗുലറായി ബിരുദമെടുത്തവര്‍ക്ക് പിന്നീട് മറ്റൊരു വിഷയത്തില്‍ റഗുലറായി ബിരുദ പഠനം സാധ്യമല്ല. പുതിയ ഉത്തരവ് വന്നതോടെ, ബിരുദമോ, ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക് പിന്നീട് മറ്റൊരു കോഴ്സിന് ചേരുന്നതിനുള്ള തടസം ഒഴിവായി.
എന്നാല്‍, അധികമായി എടുക്കുന്ന കോഴ്സിന് വിദ്യാര്‍ഥികള്‍ക്ക് പ്രവേശന ഫീസില്‍ ഇളവ് ലഭിക്കില്ല. സംവരണത്തിനും അര്‍ഹതയുണ്ടാകില്ല.