കടുവയ്ക്ക് കുളിക്കാന്‍ ഷവര്‍, അനക്കോണ്ടയ്ക്ക് എസി; മൃഗശാല ഭക്ഷണമെനുവിലെ മാറ്റങ്ങള്‍ ഇങ്ങനെ…

കടുവയ്ക്ക് കുളിക്കാന്‍ ഷവര്‍, അനക്കോണ്ടയ്ക്ക് എസി; മൃഗശാല ഭക്ഷണമെനുവിലെ മാറ്റങ്ങള്‍ ഇങ്ങനെ…

വേനല്‍ച്ചൂടില്‍ സംസ്ഥാനം ഉരുകിയൊലിക്കുമ്പോള്‍ പക്ഷിമൃഗാദികളുടെ ഭക്ഷണമെനുവിലും മാറ്റംവരുത്തി തിരുവനന്തപുരം മൃഗശാല. കടുവയ്ക്ക് കുളിക്കാന്‍ ഷവറും അനക്കോണ്ടയ്ക്ക് എസിയും സസ്യഭുക്കുകളായ മൃഗങ്ങള്‍ക്കു പ്രത്യേക മെനുവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൂടില്‍ നിന്നും രക്ഷനേടാനുള്ള ആഹാരക്രമം ഏര്‍പ്പെടുത്തിയതോടെ മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവില്‍ നിന്നും ചിക്കന്‍ തല്‍ക്കാലം ഔട്ടായി. പകരം പോത്തും ബീഫും ഇടംപിടിച്ചു. ഒരുദിവസം 94 കിലോ മാംസമാണ് നോണ്‍വെജ് അന്തേവാസികള്‍ക്കായി വാങ്ങുന്നത്.

മീനിന്റെ അളവും വര്‍ധിപ്പിച്ചിട്ടുണ്ട്. 61 കിലോ മീനാണ് ദിവസവും വാങ്ങുന്നത്. സിംഹം, പുലി, കടുവ എന്നിവയ്ക്ക് ഒരു ദിവസം ശരാശരി നാലു കിലോ മാംസം വേണ്ടി വരും. കൂട്ടിലെ ഷവറിനു കീഴിലെ കുളിക്ക് ശേഷമാണ് വിഭവസമൃദ്ധമായ ഭക്ഷണം. പകല്‍ താപനില കൂടുന്നതിനു അനുസരിച്ച് ശരീര ഊഷ്മാവ് നിലനിര്‍ത്താന്‍ കടുവകള്‍ക്ക് ഇടനേരങ്ങളില്‍ ഹോസ് ഉപയോഗിച്ച് വെള്ളമടിച്ചു കൊടുക്കും. ഷവറും കൂടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. സാധാരണ കടുവയ്ക്ക് ഒരുനേരം മാത്രമാണ് കുളി. എന്നാല്‍ വേനല്‍ക്കാലത്ത് ഇതു നടക്കില്ല. പാമ്പുകളുടെ കൂടുകളിലെല്ലാം ഫാന്‍ സജ്ജീകരിച്ചിട്ടുണ്ട്. മ്ലാവിന്റെ കൂട്ടില്‍ ചെളിയും വെള്ളവും നിറച്ച കുളവും തയാറാക്കിയിട്ടുണ്ട്.

പക്ഷികള്‍ക്ക് പച്ചക്കറികള്‍

പക്ഷികള്‍ക്കു പഴങ്ങള്‍ക്കൊപ്പം കൂടുതല്‍ പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. കാബേജ്, കാരറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിലുണ്ട്. പപ്പായ, മുന്തിരി, ആപ്പിള്‍, ഓറഞ്ച് എന്നിവയെല്ലാം ചേര്‍ന്ന ഫ്രൂട്ട് സലാഡും പക്ഷികള്‍ക്കു നല്‍കുന്നുണ്ട്.

 

1400 കിലോ തീറ്റപുല്ല്

1400 തീറ്റപുല്ലാണ് ഒരുദിവസം മൃഗശാലയില്‍ വേണ്ടത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് കരാറുകാര്‍ പുല്ലും പ്ലാവിലയും എത്തിക്കുന്നത്. 335 കിലോ കാലിത്തീറ്റയും മൃഗശാലയില്‍ ആവശ്യമാണ്. പാല്‍, തവിട്, കുവരക്, ഗിനിപ്പുല്ല് എന്നിവയ്ക്കും മൃഗശാലയില്‍ ആവശ്യക്കാരുണ്ട്.

കരടിയെ നോക്കാന്‍ ചെലവ്

ഉഷ്ണമകറ്റാന്‍ കരടികള്‍ക്ക് രാവിലെയും വൈകിട്ടും കഴിക്കാന്‍ ഐസ് കഷ്ണങ്ങള്‍ കൂട്ടില്‍ വച്ച് കൊടുക്കും. തണ്ണീര്‍മത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറില്‍ വച്ച് കട്ടിയാക്കിയാണ് നല്‍കുന്നത്. രാവിലെ 9.30നും ഉച്ചയ്ക്ക് ചൂടുകുടുമ്പോഴും ദേഹത്തേക്ക് വെള്ളമടിച്ചു കൊടുക്കും. 10.30നു ആപ്പിള്‍, വെള്ളരി, വാഴപ്പഴം, മുന്തിരി എന്നിവയും നല്‍കും. ഫ്രീസറില്‍ വച്ച് തണുപ്പിച്ച തണ്ണീര്‍മത്തനാണ് ഹിമക്കരടിയുടെ രാവിലത്തെ ഭക്ഷണം. ചൂടു കൂടിയതോടെ തണ്ണീര്‍മത്തന്‍ നല്‍കുന്നതിലെ അളവും കൂടി. ഒരു ദിവസം 6.5 കിലോയോളം തണ്ണീര്‍മത്തന്‍ കരടികള്‍ക്കു വേണ്ടിവരും.

 

ദിവസവും വേണം…

തണ്ണീര്‍മത്തന്‍ 34 കിലോ
മുന്തിരി 10 കിലോ
നേന്ത്രപ്പഴം 25 കിലോ
ചെറുവാഴപ്പഴം 12 കിലോ
പൈനാപ്പിള്‍ 3 കിലോ
ആപ്പിള്‍ 3 കിലോ
ഓറഞ്ച് 2 കിലോ
പേരയ്ക്ക 5 കിലോ
പപ്പായ 11 കിലോ
മാതളം 2 കിലോ
വെള്ളരി 9 കിലോ

 

കടുവയ്ക്ക് കുളിക്കാന്‍ ഷവര്‍, അനക്കോണ്ടയ്ക്ക് എസി; മൃഗശാല ഭക്ഷണമെനുവിലെ മാറ്റങ്ങള്‍ ഇങ്ങനെ…

Share

Leave a Reply

Your email address will not be published. Required fields are marked *