സീറ്റില്‍ വിട്ടുവീഴ്ചയില്ല; നിലപാട് കടുപ്പിച്ച് ലീഗ്

സീറ്റില്‍ വിട്ടുവീഴ്ചയില്ല; നിലപാട് കടുപ്പിച്ച് ലീഗ്

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്ലിം ലീഗ്. നാളെ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. അതിനിടെ, ലീഗ് നിലപാട് കടുപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

നാളെ എറണാകുളത്തു വച്ചാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മിലുള്ള അവസാന വട്ട ചര്‍ച്ച നടക്കുന്നത്. ലീഗിനെ അനുനയിപ്പിച്ചു നിര്‍ത്താന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് ശ്രമം. എന്നാല്‍, ലോക്സഭയില്‍ മൂന്നാം സീറ്റ് തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. ഇല്ലെങ്കില്‍ നേരത്തെ ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് തിരിച്ചുനല്‍കണമെന്നാണ് ആവശ്യം. നേരത്തെ മുന്നണി സമവാക്യത്തിന്റെ ഭാഗമായി സീറ്റ് ലീഗ് കേരള കോണ്‍ഗ്രസിന് നല്‍കുകയായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് മുന്നണി വിട്ട ശേഷവും സീറ്റ് ലീഗിനു തിരിച്ചുകിട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് ഒളിയമ്പുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ വിജയം സൂചിപ്പിച്ചായിരുന്നു ഫേസ്ബുക്കില്‍ സലാമിന്റെ കുറിപ്പ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ജനം ലീഗ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചതെന്നു പറഞ്ഞ അദ്ദേഹം കൂടുതല്‍ കരുത്തോടെ ലീഗ് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റില്‍ യു.ഡി.എഫ് വിജയത്തെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

 

സീറ്റില്‍ വിട്ടുവീഴ്ചയില്ല; നിലപാട് കടുപ്പിച്ച് ലീഗ്

Share

Leave a Reply

Your email address will not be published. Required fields are marked *