മുംബൈ: വലിയ സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍ എജ്യുടെക് കമ്പനി ബൈജൂസ്. ദൈനംദിന ചെലവുകള്‍ക്ക് വരെ കമ്പനിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബൈജൂസില്‍ കോഴ്സിന് ചേര്‍ന്ന നിരവധി പേര്‍ക്കും പണം നഷ്ടമായി. അങ്ങനെ പണം നഷ്ടപ്പെട്ട ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍ കയറി ടിവി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ട്യൂഷന്‍ വേണ്ടെന്നു വച്ച് ഉപയോഗിക്കാത്ത ടാബ്ലറ്റ് തിരികെ നല്‍കി കുടുംബം റീഫണ്ട് ആവശ്യപ്പെട്ടു. പണം നല്‍കാമെന്ന് ബൈജൂസ് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഓരോ തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതില്‍ കുപിതരായ കുടുംബം ഓഫീസിലെത്തി ടിവി അഴിച്ചുകൊണ്ടു പോകുകയായിരുന്നു. പണം നല്‍കിയാല്‍ തിരികെ തരാമെന്ന് ജീവനക്കാരോട് പറഞ്ഞാണ് ടിവി എടുത്തുകൊണ്ടു പോയത്.
2023 വര്‍ഷത്തില്‍ ബൈജൂസ് ട്യൂഷന്‍ സെന്ററിലെ പകുതിയിലേറെ വിദ്യാര്‍ത്ഥികളും റീഫണ്ട് ആവശ്യപ്പെട്ടു എന്നാണ് ധനകാര്യ മാധ്യമമായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 നവംബര്‍ 9 മുതല്‍ 2023 ജൂലൈ 11 വരെ 43625 റീഫണ്ട് കേസുകളാണ് ബൈസൂജിലെത്തിയത്.
അതിനിടെ, നിലവിലെ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ ബൈജൂസിന്റെ അസാധാരണ ജനറല്‍ മീറ്റിങ് ഇന്ന് ചേരുകയാണ്. കമ്പനി സ്ഥാപകന്‍ മലയാളിയായ ബൈജു രവീന്ദ്രന്‍ അടക്കമുള്ളവരെ പുറത്താക്കാനുള്ള കടുത്ത തീരുമാനം വരെ യോഗം കൈക്കൊണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബൈജൂസിന്റെ മാതൃക കമ്പനി തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലെ നിരവധി നിക്ഷേപകര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ടെക് നിക്ഷേപകരായ പ്രോസസും നടത്തിപ്പിനായി പുതിയ ബോര്‍ഡ് വേണെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഫെമ ആക്ട് ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ നിക്ഷേപകരുടെ പരാതിയില്‍ ബൈജൂസിനെതിരെ കേന്ദ്ര അന്വേഷണം നടക്കുകയാണ്.
https://www.instagram.com/reel/C3XNhBttau3/?utm_source=ig_web_copy_link
‘പണം കിട്ടുമ്പോള്‍ തിരികെ തരാം’; ബൈജൂസിലെ ടിവി വീട്ടിലേക്കെടുത്ത് അച്ഛനും മകനും. വിഡിയോ…