വയനാട്ടിലെ വന്യ മൃഗ ശല്യം തടയാന്‍ സമഗ്രമായ പദ്ധതി നടപ്പാക്കണം

വയനാട്ടിലെ വന്യ മൃഗ ശല്യം തടയാന്‍ സമഗ്രമായ പദ്ധതി നടപ്പാക്കണം

അനുദിനം വന്യ മൃഗങ്ങളുടെ ഭീഷണിയാണ് വയനാട്ടിലെ ജനവിഭാഗം നേരിടുന്നത്. ആന, കടുവ,പന്നി, കുരങ്ങ്, പുലി, കരടി എന്നീ മൃഗങ്ങളൊക്കെ നാട്ടിലിറങ്ങി മനുഷ്യ ജീവന്‍ ഇല്ലാതാക്കുന്ന വാര്‍ത്തകളും ഉണ്ടായിക്കൊണ്ടിരിരിക്കുകയാണ്. ഈ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം എങ്ങനെ കണ്ടെത്താം എന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ പഠനം നടത്തി സമഗ്രമായ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറായാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനാവൂ. കാടിറങ്ങി മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന്റെ കാരണമെന്ത്? മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഭീഷണിയായി കാടുകളില്‍ മനുഷ്യ ഇടപെടലുകളുണ്ടോ? എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. കാടിറങ്ങി നാട്ടിലെത്തുന്ന വന്യ മൃഗങ്ങള്‍ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാവുമെന്നതിനാല്‍ ഇത്തരം മൃഗങ്ങളുടെ സാമീപ്യം വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയും ഇവയെ ഉടനെ അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചയക്കാനുളള നടപടികള്‍ ഉണ്ടാവുകയും വേണം. കാടും നാടും ചേരുന്ന അതിര്‍ത്തികളില്‍ സുരക്ഷാ ഭിത്തികള്‍ നിര്‍മ്മിക്കുക, വന്യ മൃഗങ്ങളെ നിരീക്ഷിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും സ്ഥിരം പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ നിയമിക്കുക എന്നീ കാര്യങ്ങളില്‍ നല്ല രൂപത്തിലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണം.
കാട്ടാനകള്‍ കാടിറങ്ങി വന്ന്, നാടിന്റെ അതിര്‍ത്തികളില്‍ കൂട്ടമായി തമ്പടിച്ച് മാസങ്ങളായി കഴിയുന്ന ഇടങ്ങളും വയനാട്ടിലുണ്ട്. ഇവയെല്ലാം സംഘടിതമായി നാട്ടിലിറങ്ങിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് വലുതായിരിക്കും. അതുകൊണ്ട് ഇവയെയെല്ലാം മനുഷ്യര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരികെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളും ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കൂടെ ജനങ്ങളും നന്നായി സഹകരിക്കുകയും ഇക്കാര്യത്തിലുള്ള ആശങ്കകള്‍ പരിഹരിച്ച് സൈ്വര ജീവിതം ഉറപ്പാക്കാന്‍ കൂട്ടായ ഇടപെടല്‍ ഉണ്ടാവണം. മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം.

വയനാട്ടിലെ വന്യ മൃഗ ശല്യം തടയാന്‍

സമഗ്രമായ പദ്ധതി നടപ്പാക്കണം

Share

Leave a Reply

Your email address will not be published. Required fields are marked *