ന്യൂ ഡല്‍ഹി:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നാലാംഘട്ട ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പയര്‍, ചോളം, പരുത്തി എന്നീ വിളകള്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മിനിമം താങ്ങുവില നല്കി കര്‍ഷകരില്‍നിന്ന് വാങ്ങാമെന്ന കരാറാണ് നാലാംഘട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മൂന്ന് കേന്ദ്രമന്ത്രിമാരടങ്ങിയ സംഘവും
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടുന്ന 14 അംഗ പ്രതിനിധി സംഘവുമാണ് കര്‍ഷകരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്
പിയുഷ് ഗോയല്‍, കൃഷി- കര്‍ഷക ക്ഷേമ മന്ത്രി അര്ജുന് മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്. കര്‍ഷക നേതാക്കളുമായുള്ള ചര്‍ച്ച നാല് മണിക്കൂറിലധികം നീണ്ടുനിന്നു. ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതായും പുരോഗതി ഉണ്ടായതായും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.
എന്‍സിസിഎഫ് (നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്), നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും ചോളമടക്കമുള്ള വിളകള്‍ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ വാങ്ങുക. ഏറ്റെടുക്കുന്ന വിളകള്‍ക്ക് പരിധിയുണ്ടാകില്ല. ഒപ്പം അതിനായൊരു പോര്‍ട്ടലും ഒരുക്കും. അതേസമയം, പരുത്തി ഏറ്റെടുക്കുന്നത് കോട്ടണ്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
തങ്ങളുടെ തീരുമാനം അറിയിക്കാന്‍ കര്‍ഷകര്‍ ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ദിവസങ്ങളായി പഞ്ചാബ്- ഹരിയാന അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തിവരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയാണ് ചര്‍ച്ചകളുടെ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തുനില്‍ക്കേ സര്‍ക്കാരും ഇതൊരു തലവേദനയാണ്.