റിയാദ്: സഊദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് വരുന്ന വ്യാഴാഴ്ച (ഫെബ്രുവരി 22) രാജ്യത്തെ പൊതു, സ്വകാര്യമേഖലകളില്‍ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വകാര്യ വാണിജ്യസ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവധി ഒരുപോലെ ബാധകമാണെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
സ്ഥാപക ദിന അവധിക്കൊപ്പം വെള്ളിയാഴ്ചയും ശനിയാഴ്ചയും അവധി ലഭിക്കുന്ന ജീവനക്കാര്‍ക്ക് ആകെ മൂന്ന് ദിവസം ഒരുമിച്ച് അവധിയുണ്ടാകും. ഫെബ്രുവരി 25 ആയിരിക്കും ഇവര്‍ക്ക് അവധികള്‍ക്ക് ശേഷമുള്ള അടുത്ത പ്രവൃത്തി ദിനം. 1727 ഫെബ്രുവരിയില്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓര്‍മദിനമായാണ് എല്ലാവര്‍ഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി കൊണ്ടാടുന്നത്. രാജ്യത്താകെ ഈ ആഘോഷം പൊടിപൊടിക്കാന്‍ ഒരുക്കം നടക്കുകയാണ്.
ഐക്യത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള സൗദി അറേബ്യയുടെ പ്രയാണമാണ് ഈ ആഘോഷത്തില്‍ പ്രതിഫലിക്കുന്നത്. സൗദിയുടെ സംസ്കാരം, ചരിത്രം, സൈനിക ശക്തി തുടങ്ങിയവയെല്ലാം വിളിച്ചോതുന്ന വിവിധ പരിപാടികള്‍ രാജ്യത്ത് അങ്ങോളമിങ്ങോളം നടക്കും. കായിക, സംഗീത പരിപാടികളും ഇതോടൊപ്പം ആഘോഷങ്ങള്‍ക്ക് മിഴിവേകും.