നാളെ ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍
കോഴിക്കോട്: വീണ്ടും വയനാട്ടില്‍ കാട്ടാന ആക്രമണം.കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. ഇന്നു രാവിലെ കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായ പോള്‍ ജോലിക്കു പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറയുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച പോളിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. 3.25-ഓടെയാണ് മരിച്ചത്. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനാണ് വി.പി. പോള്‍.
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പള്‍സ് നിലച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചില്‍ രക്തം കട്ടകെട്ടിയിരുന്നു. വാരിയെല്ലും പൊട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.
ഒരാഴ്ചക്കിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ ശനിയാഴ്ച ചാലിഗദ്ദ പടമലയില്‍ ബേലൂര്‍ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അജീഷ് കൊല്ലപ്പെട്ടിരുന്നു.
വയനാട്ടില്‍ ശനിയാഴ്ച യു.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വീണ്ടും കാട്ടാന ആക്രമണം: ഇക്കോടൂറിസം ജീവനക്കാരന് മരിച്ചു