കോഴിക്കോട്: 1960 മുതല്‍ ചന്ദ്രനെപ്പറ്റി പഠിക്കാന്‍ തുടങ്ങിയതാണെന്നും, കലണ്ടര്‍ നിര്‍ണയിക്കാന്‍ ഏറ്റവും ശരിയായ മാര്‍ഗ്ഗം ചന്ദ്രനെ മാനദണ്ഡമാക്കലാണെന്നും പത്മശ്രീ അലി മണിക്ഫാന്‍ പറഞ്ഞു. ഡോ.ടി.വികോയക്കുട്ടി രചിച്ച മാനവ കലണ്ടര്‍ സമഗ്ര പഠനം പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂര്യനെ ഉപയോഗിച്ച് നമുക്കിത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല.2000 വര്‍ഷം മുന്‍പ് ജൂലിയസ് സീസര്‍ സൂര്യനെ മാനദണ്ഡമാക്കിയാണ് ഇന്നുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപപ്പെടുത്തിയത്. അക്കാലങ്ങളില്‍ മുസ്ലിംകള്‍ ഉണ്ടായിരുന്നില്ല.ഇപ്പോള്‍ എല്ലാവര്‍ക്കും അത് ശരിയല്ല എന്ന് ബോധ്യപ്പെട്ട് തുടങ്ങി. 1445 കൊല്ലമായി ചന്ദ്രനെ മാനദണ്ഡമാക്കിയ കലണ്ടര്‍ ഒറ്റ ദിവസം പോലും വ്യത്യാസമില്ലാതെ കണക്കാക്കാനാവുമ്പോള്‍ സൂര്യ മാനദണ്ഡ കലണ്ടറില്‍ 14-15 ദിവസത്തെ വ്യത്യാസമുണ്ട്. ഇപ്പോഴുള്ളത് ആര്‍ട്ടിഫിഷ്യല്‍ സോളാര്‍ കലണ്ടറാണ്. മുസ്ലിംകള്‍ക്കിടയില്‍ നോമ്പ് പല ദിവസം തുടങ്ങുന്നത് ഇത് മൂലമാണ്. പണ്ഡിതന്മാര്‍ ഇക്കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം.
പെരുന്നാള്‍ രണ്ട് ദിവസമാകാന്‍ പാടില്ല. ദുല്‍ഹജ്ജ് 10 ഒരു ദിവസമാണ്. ഇത് രണ്ട് മൂന്ന് ദിവസങ്ങളിലായി എങ്ങനെ കണക്കാക്കാന്‍ പറ്റും, അദ്ദേഹം ചോദിച്ചു. പുസ്തകം ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം ചെയ്തു. എ.പി.കുഞ്ഞാമു ഏറ്റുവാങ്ങി.മന:ശാസ്ത്രജ്ഞന്‍ പ്രൊഫ.ഡോ.കെ.മുഹമ്മദ് ഹസന്‍ അധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍ പി.മമ്മദ്‌കോയ പുസ്തക പരിചയം നടത്തി. പ്രൊഫ.ഷഹദ് ബിന്‍ അലി, അബ്ദുല്‍ ഹമീദ് നദ്‌വി, ഡോ.പി.അബ്ദുല്‍ കരീം ആശംസകള്‍ നേര്‍ന്നു. ഡോ.കോയക്കുട്ടി ഫറൂഖി മുഖമൊഴി നടത്തി. മുസ്തഫ മുഹമ്മദ് നന്ദി പറഞ്ഞു.