നിര്‍ണായക മാറ്റവുമായി ഇംഗ്ലണ്ട്; രാജ്കോട്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

നിര്‍ണായക മാറ്റവുമായി ഇംഗ്ലണ്ട്; രാജ്കോട്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

രാജ്കോട്ട്: ഇന്ത്യക്കെതിരെ നാളെ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ സ്ഥാനം നഷ്ടമായ മാര്‍ക്ക് വുഡ് ഇലവനിലേക്ക് മടങ്ങിയെത്തി. സ്പിന്നര്‍ ഷുഐബ് ബഷീറിന് പകരക്കാരനായാണ് 34കാരന്‍ എത്തിയത്. ഇതോടെ ആദ്യ ടെസ്റ്റിലേതിന് സമാനമായി രണ്ട് പേസര്‍മാരുമായാണ് സന്ദര്‍ശകര്‍ ഇറങ്ങുക. രാജ്കോട്ട് ടെസ്റ്റില്‍ തുടക്കത്തില്‍ പിച്ചില്‍ പേസിന് ആനുകൂല്യം ലഭിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആന്‍ഡേഴ്സനൊപ്പം വുഡിനെ കൂടി ഇറക്കാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്.

ബെന്‍ സ്റ്റോക്ക്സിന്റെ നൂറാമത് ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും രാജ്കോട്ട് മത്സരത്തിനുണ്ട്. നിലവില്‍ ഓരോ മാച്ചുകള്‍ ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും തുല്യത പാലിച്ചതിനാല്‍ മൂന്നാം ടെസ്റ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഹൈദരാബാദ് ടെസ്റ്റില്‍ അവിശ്വസിനീയ തോല്‍വി നേരിട്ട ആതിഥേയര്‍ വിശാഖപട്ടണത്ത് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

പേസര്‍ ജസ്പ്രീത് ബുംറയുടേയും ഓപ്പണര്‍ യശ്വസി ജയ്സ്വാളിന്റേയും ശുഭ്മാന്‍ ഗിലിന്റേയും മികവിലാണ് ഇന്ത്യ വിജയം പിടിച്ചത്. മാര്‍ക്ക് വുഡിന് പകരം ടീമിലെടുത്ത ഷുഐബ് ബഷീറിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇതോടെയാണ് പരിചയസമ്പന്നനായ താരത്തെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ വിസ പ്രശ്നത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് യുവ സ്പിന്നര്‍ രെഹാന്‍ അഹമ്മദ് മൂന്നാം ടെസ്റ്റില്‍ ഇറങ്ങുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പ്രഖ്യാപിച്ച ടീമില്‍ ലെഗ്സ്പിന്നറും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിനെ ടെസ്റ്റിന് തൊട്ടുമുന്‍പായിരിക്കും പ്രഖ്യാപിക്കുക.

ഇംഗ്ലണ്ട് ടീം: സാക്ക് ക്രാലി,ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയിസ്റ്റോ, ബെന്‍ സ്റ്റോക്ക്സ്(ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, രെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍

 

നിര്‍ണായക മാറ്റവുമായി ഇംഗ്ലണ്ട്; രാജ്കോട്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *