അബുദാബി : മധ്യപൂര്‍വദേശത്തെ ഏറ്റവുംവലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാക്ഷേത്രം ഇന്ന് (ബുധനാഴ്ച) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ രാവിലെയും, സമര്‍പ്പണച്ചടങ്ങ് വൈകിട്ടും നടക്കും
ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമി നാരായണ്‍ സംസ്ഥയ്ക്ക് (ബാപ്‌സ്) കീഴിലാണ് ക്ഷേത്രം. ബാപ്‌സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടനദിനത്തില്‍ പ്രവേശനം.ക്ഷേത്രോദ്ഘാടനച്ചടങ്ങിന് മുന്നോടിയായുള്ള പ്രധാന ആഘോഷപരിപാടിയായ ‘ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി’ ക്ഷേത്രാങ്കണത്തില്‍ പുരോഗമിക്കുകയാണ്. ഇത് 21 വരെ നീണ്ടുനില്‍ക്കും.
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം.അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2019-ല്‍ നിര്‍മാണം ആരംഭിച്ചു. പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മാണത്തിനുപയോഗിച്ചത്.
സ്വാമിനാരായണ്‍, അക്ഷര്‍-പുരുഷോത്തം, രാധയും കൃഷ്ണനും, സീതയും രാമനും, ശിവനും പാര്‍വതിയും, ലക്ഷ്മണന്‍, ഹനുമാന്‍, ഗണപതി, കാര്‍ത്തികേയന്‍, പദ്മാവതി-വെങ്കിടേശ്വരന്‍, ജഗന്നാഥന്‍, അയ്യപ്പന്‍ എന്നിവരാണ് പ്രധാന മൂര്‍ത്തികള്‍. ക്ഷേത്ര ശില്പങ്ങളില്‍ അറബ്, മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളുടെ പ്രതീകങ്ങള്‍, യു.എ.ഇ.യുടെ ചരിത്രവും വര്‍ത്തമാനവും തുടങ്ങിയവ അടയാളപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനംചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്.1000 വര്‍ഷം കേടുപാടുകളില്ലാതെ നിലനില്‍ക്കുമെന്നതാണ് പ്രത്യേകത. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഒന്നുമുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം.
അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാക്ഷേത്രം
പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും