ഭാരതരത്ന നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും

ഭാരതരത്ന നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സി’ലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു പേര്‍ക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്. ഇതോടെ ഇക്കുറി ആകെ അഞ്ചു പേര്‍ക്ക് ഭാരതരത്ന പ്രഖ്യാപിച്ചു.

‘നമ്മുടെ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന നല്‍കി ആദരിക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളില്‍ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റ്, നിയമസഭാംഗം എന്നീ നിലകളില്‍ വര്‍ഷങ്ങളോളം ചെയ്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു, രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ പാകി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവ് ഇന്ത്യയെ ആഗോളവിപണിയിലേക്ക് തുറന്നുകൊടുത്ത സുപ്രധാന നടപടികളാല്‍ അടയാളപ്പെടുത്തി. സാമ്പത്തിക വികസനത്തിന്റെ പുതിയൊരു യുഗം അദ്ദേഹം വളര്‍ത്തിയെടുത്തു.’ നരസിംഹ റാവുവിനെ കുറിച്ച് പ്രധാനമന്ത്രി ‘എക്സി’ല്‍ കുറിച്ചു.

കൃഷിയിലും കര്‍ഷകക്ഷേമത്തിലും രാഷ്ട്രത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം.എസ്. സ്വാമിനാഥന് ഭാരതരത്‌ന നല്‍കി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

‘വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യയെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ഇന്ത്യന്‍ കാര്‍ഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പഠനത്തിനും ഗവേഷണത്തിനും പ്രോത്സാഹനവും ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പ്രവര്‍ത്തനത്തെ ഞങ്ങള്‍ തിരിച്ചറിയുന്നു. ഡോ. സ്വാമിനാഥന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യന്‍ കാര്‍ഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു. എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ക്ക് ഞാന്‍ എപ്പോഴും വില കല്‍പിച്ചിരുന്നു.’ പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

 

ഭാരതരത്ന നരസിംഹ റാവുവിനും
ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും

Share

Leave a Reply

Your email address will not be published. Required fields are marked *