കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രം കണ്ണ് തുറന്നു കാണണം

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രം കണ്ണ് തുറന്നു കാണണം

സംസ്ഥാനം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടക്കുകയാണ്. കേരളത്തിന്റെ അതിജീവനത്തിനു വേണ്ടിയാണ് കീഴ് വഴക്കമില്ലാത്ത ഇത്തരം ഒരു സമര മാര്‍ഗ്ഗം സ്വീകരിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍, തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം കാണിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയ പരമായി നേരിടുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേസില്‍ കുടുക്കി, ജയിലിലടച്ച് വേട്ടയാടുകയാണെന്ന ആരോപണം ശക്തിപ്പെടുകയും പല സംഭവങ്ങളും പരമോന്നത കോടതിയില്‍ എത്തുകയും ചെയ്യുന്നതും രാജ്യത്തെ പതിവ് കാഴ്ചയാണ്.

സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് നെഹ്‌റു പ്രതിപക്ഷ പാര്‍ട്ടികളോട് പുലര്‍ത്തിയിരുന്ന അന്തസാര്‍ന്ന ഇടപെടലുകള്‍ കൊണ്ട് പ്രൗഢമായ നയസമീപനങ്ങളുടെ രാജ്യമാണ് ഇന്ത്യ. ജനാധിപത്യത്തിന്റെ കരുത്താണ് പ്രതിപക്ഷം. പ്രതിപക്ഷമില്ലെങ്കില്‍ രാജ്യം ഏകാധിപത്യത്തിലേക്ക് പോകും. ശക്തമായ പ്രതിപക്ഷമുണ്ടാവേണ്ടത് ജന ഹിതത്തിന് അത്യന്താപേക്ഷിതമാണ്. കേരളം ഉന്നയിക്കുന്നതുപോലെ കര്‍ണ്ണാടക സര്‍ക്കാരും ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിക്കഴിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളോട് പ്രതികാര മനോഭാവത്തോടെ കേന്ദ്ര സര്‍ക്കാര്‍ പെരുമാറിയാല്‍ അത് നമ്മുടെ ഫെഡറലിസം തകരുവാനിടയാകും.

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായ ഗവര്‍ണര്‍മാര്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണങ്ങളുള്ള സംസ്ഥാനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും വൈരബുദ്ധിയോടെയുള്ളതാണ്. സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ പോലും ഒപ്പിടാതെ വര്‍ഷങ്ങളോളം പിടിച്ചു വെക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവിലടക്കം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതും കേരളം കണ്ടതാണ്. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തിന് കൊടുക്കുന്ന പ്രധാന്യക്കുറവുകൊണ്ടാണ്.

രാജ്യം സ്വതന്ത്രമായതിന് ശേഷം മാറി മാറി സര്‍ക്കാരുകള്‍ വന്നിട്ടുണ്ട്. മുന്‍പും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രതികാര രാഷ്ട്രീയമാണ് വര്‍ത്തമാന കാല ഇന്ത്യയില്‍ നടക്കുന്നത്. ഇത്തരം നടപടികള്‍ ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. സര്‍ക്കാരുകള്‍ മാറി മാറി വരും. എന്നാല്‍ രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഓര്‍ക്കണം.വളരെ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്ത് ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് (നേരിട്ടോ പങ്കോളിത്തത്തോടെയോ)ലാളനയും മറ്റിടങ്ങളില്‍ പീഢനവും കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നാണ് മുഖ്യമന്ത്രി ആരോപിച്ചിരിക്കുന്നത്. നാമമാത്ര തുക നല്‍കുന്ന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബ്രാന്‍ഡിംഗ് വേണമെന്ന് നിര്‍ബന്ധിക്കുകയും, ഫണ്ടുകള്‍ തടയുകയും ചെയ്യുക, തിരുവനന്തപുരം എയര്‍പോര്‍ട്ട് സംസ്ഥാനത്തിന് കൈമാറാതെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയും, വിമാന, ട്രെയിന്‍ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയുമാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന  സര്‍ക്കാര്‍ നടത്തുന്ന സമരം കേന്ദ്ര സര്‍ക്കാര്‍ കണ്ണ് തുറന്നു കാണണം. കേരളത്തിന് ലഭിക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സാധിക്കണം. സംസ്ഥാനത്തിന്റെ പൊതു വിഷയങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷവും യോജിക്കണമായിരുന്നു. ഇത് രാഷ്ട്രീയ നേട്ടത്തിനുള്ള പ്രക്ഷോഭമല്ലെന്നും, കേരളത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രക്ഷോഭമാണെന്ന് മനസ്സിലാക്കി വരും നാളുകളില്‍ യോജിച്ചു സമര പരിപാടികളിലൂടെ കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാനാവണം.

 

 

 

കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രം കണ്ണ് തുറന്നു കാണണം

Share

Leave a Reply

Your email address will not be published. Required fields are marked *