ന്യൂഡല്‍ഹി: എജുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസ് ആഗോള ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച മെസ്സിയുമായുള്ള കരാര്‍ അവസാനിപ്പിച്ചേക്കും. ബൈജൂസിനുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് തീരുമാനം. ആദ്യ വര്‍ഷത്തെ തുക മെസ്സിക്ക് കൈമാറിയെന്നും കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നും കമ്പനി എക്സിക്യുട്ടീവുമാരിലൊരാള്‍ അറിയിച്ചു.
2022 മുതല്‍ 25 വരെയുള്ള മൂന്ന് വര്‍ഷത്തെ കരാറാണ് ബൈജൂസിന് മെസ്സിയുമായുണ്ടായിരുന്നത്. 2002 ലോകകപ്പിന് തൊട്ടുമുമ്പേയാണ്് ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ക്യാമ്പയിനോടെ മെസ്സിയെ ആഗോള ബ്രാന്‍ഡ് അംബാസഡറാക്കി കരാറൊപ്പിട്ടത്. 40 കോടി മുതല്‍ 60 കോടി വരെയാണ് ഒരു വര്‍ഷത്തെ കരാര്‍ തുകയായി കണക്കാക്കിയിരുന്നത്.സാമ്പത്തിക പ്രതിസന്ധി കാരണം ജോലിക്കാരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ നടക്കവേയാണ് മെസ്സിയെ അംബാസഡറാക്കി കരാറുണ്ടാക്കിയത്. ഇത് അന്നുതന്നെ വലിയതോതില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. ആദ്യ വര്‍ഷത്തെ കരാര്‍ തുക മെസ്സിക്ക് കൈമാറിയിട്ടുണ്ടെന്ന് എക്സിക്യുട്ടീവുമാരില്‍ ഒരാള്‍ അറിയിച്ചു.
സംഭവത്തില്‍ ബൈജൂസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. 2023-ല്‍ അവസാനിച്ച നടന്‍ ഷാരൂഖ് ഖാനുമായുള്ള കരാറും കമ്പനി ഇതുവരെ പുതുക്കിയിട്ടില്ല. പരസ്യത്തിനും മാര്‍ക്കറ്റിങ്ങിനും ചെലവഴിക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരുത്തിക്കൊണ്ടുള്ള നടപടികളുമായാണ് ബൈജൂസ് ഇപ്പോള്‍ മുന്നോട്ടുപോവുന്നത്.