േേകന്ദ്ര സര്‍ക്കാരിന്റെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഈ ബജറ്റ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും എങ്ങനെ കണക്കിലെടുക്കുമെന്ന പ്രതിക്ഷയിലാണ് സാധാരണക്കാര്‍ മുതല്‍ വ്യവസായ പ്രമുഖര്‍ വരെ.തുടര്‍ച്ചയായ ആറാം ബജറ്റാണ് നിര്‍മല സീതാരാമന് ബുധനാഴ്ച അവതരിപ്പിക്കുക. ഇതിനുമുന്‍പ് മൊറാര്‍ജി ദേശായി മാത്രമാണ് ആറുതവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇടക്കാല ബജറ്റായതിനാല്‍ വലിയ നയപരമായ മാറ്റങ്ങളോ വലിയ പ്രഖ്യാപനങ്ങളോ ഉണ്ടായേക്കില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് തന്നെ വിവിധ വിഭാഗങ്ങളെ പ്രീതിപ്പെടുത്താനും ധനക്കമ്മി നിയന്ത്രിക്കുന്നതിനും അനുസൃതമായ ബജറ്റാകും ധനമന്ത്രി അവതരിപ്പിക്കുക എന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.
ഒരു തിരഞ്ഞെടുപ്പ് വര്‍ഷം, അതാത് സര്‍ക്കാരുകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക സാധ്യമല്ല. അതിനാലാണ് ഹ്രസ്വകാലത്തേക്കൊരു ബജറ്റ് സര്‍ക്കാര്‍ പ്രഖ്യാപിക്കുക. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെയാകും ഈ ഇടക്കാല ബജറ്റിന്റെ കാലാവധി. പിന്നീട് പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവരാണ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ഇടക്കാല ബജറ്റിന് ഭരണഘടനാപരമായ വ്യവസ്ഥകളൊന്നുമില്ലെങ്കിലും കാലാവധി അവസാനിക്കുന്ന സര്‍ക്കാരുകള്‍ ഈ സമ്പ്രദായമാണ് വര്‍ഷങ്ങളായി തുടര്‍ന്ന് പോകുന്നത്.
ഇനി വരാനിരിക്കുന്ന സമ്പൂര്‍ണ ബജറ്റും ബിജെപി സര്‍ക്കാര്‍ തന്നെ അവതരിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. 140 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന ഉറപ്പുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രപതിക്ക് വേണ്ടി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രസംഗം എഴുതിക്കൊടുത്തുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചിരുന്നു. വരുമാന അസമത്വം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ മോദി സര്‍ക്കാര്‍ പരിഹരിച്ചിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.