ഗാന്ധിജിയെ, നമ്മുടെ രാഷ്ട്രപിതാവിനെ തമസിന്റെ ശക്തികള്‍ ഇല്ലാതാക്കിയിട്ട് ഇന്നേക്ക് 76 വര്‍ഷം പൂര്‍ത്തിയാവുകയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അഹിംസാ മാര്‍ഗത്തിലൂടെ മുട്ട് കുത്തിച്ച ഗാന്ധിജി പകര്‍ന്നു തന്ന സമര മാര്‍ഗ്ഗവും, ജീവിത ദര്‍ശനവും ഏറെ പ്രസക്തമാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന് വിളിച്ചോതിയ ഗാന്ധിജിയുടെ മതേതരത്വത്തിലും, മത സൗഹാര്‍ദ്ദത്തിലും ഊന്നിയ ഭാരതമെന്ന കാഴ്ചപ്പാട് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് രാജ്യത്ത് ഇന്ന് നടന്നു വരുന്നത്.
ലോകത്തിന് വെള്ളിവെളിച്ചം പകരുന്ന ഒന്നാണ് ഗാന്ധിസമെന്ന് ലോക നേതാക്കള്‍ പലപ്പോഴായി വ്യത്യസ്ത ഘട്ടങ്ങളില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുദ്ധത്തിന്റെയും, വംശീയ-വര്‍ഗ്ഗീയതയുടെയും ഭീഷണി ലോകം നേരിടുമ്പോള്‍ ഗാന്ധിസം പോലൊരു കവചം കൊണ്ടല്ലാതെ മാനവരാശിക്ക് ചെറുക്കാനാവില്ല.
പരസ്പര സ്‌നേഹം, കാരുണ്യം, ദയ,അഹിംസ എന്നിവ കോര്‍ത്തിണക്കിയ ഒരു ദര്‍ശനം ഒരു മനുഷ്യനില്‍ നിന്ന് രൂപം കൊള്ളുകയും, അത് ലോകമാകെ വാഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗാന്ധിസം മാത്രമാണ്. മനുഷ്യ ജീവിതത്തിന്റെയും, സാമൂഹിക ജീവിതത്തിന്റെയും സമസ്ത മണ്ഡലങ്ങളിലും മാനവര്‍ക്ക് വഴികാട്ടിയാണ് ഗാന്ധിസം.
ഭാരത മണ്ണില്‍ രാമനും,റഹീമും, എല്ലാ വിഭാഗങ്ങളും ഒരു ചരടില്‍ കോര്‍ത്ത മുത്തുമണികള്‍പോലെ ജീവിക്കണമെന്നാഗ്രഹിക്കുകയും അതിനായി അഹോരാത്രം പ്രയത്‌നിക്കുകയും ചെയ്ത മഹാമനുഷിയായിരുന്നു ഗാന്ധിജി. സ്വതന്ത്ര ഭാരതത്തില്‍ ആദ്യഘട്ടത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടായപ്പോള്‍ അവിടേക്ക് സമാധാന ദൂതനായി എത്തുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുകയും ചെയ്ത ഗാന്ധിയെപോലുള്ള ഒരു നേതാവിന്റെ അഭാവം ഇന്ത്യ ഇന്ന് നന്നായി അറിയുന്നുണ്ട്. മിസോറാമിലും മറ്റും ഭാരത മക്കള്‍ തമ്മില്‍ കലാപമുണ്ടാകുമ്പോള്‍ അവിടേക്കോടിയെത്താന്‍ നമുക്ക് ഒരു ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുകയാണ്. അധികാര രാഷ്ട്രീയത്തിന്റെ ആഘോഷങ്ങളോട് മുഖം തിരിച്ച് നിന്ന നേതാവായിരുന്നു ഗാന്ധിജി. വര്‍ത്തമാന കാല ഇന്ത്യയില്‍ അധികാരം പിടിച്ചെടുക്കാന്‍ വ്യത്യസ്ത വിഭാഗം ജനങ്ങളെ ജാതിയുടെയും, മതത്തിന്റെയും പേരില്‍ വിഘടിപ്പിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരുടെ കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ ഭാരത ജനതക്കുള്ള രക്ഷാകവചമാണ് ഗാന്ധിസം. ഗാന്ധിസത്തിന്റെ പ്രസക്തി നിള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുകയാണ്.
മാനവകുലത്തിന് ഈ ഭൂമിയില്‍ സമാധാനത്തോടും സന്തോഷത്തോടെയും പുലരണമെങ്കില്‍ ഗാന്ധിസത്തിന്റെ വഴിതാരകളിലൂടെ യാത്ര ചെയ്യാനാവണം. ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവര്‍, അവരുടെ മനോഭാവം രാജ്യത്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗാന്ധിജിയുടെ അനുയായികളും പ്രത്യേകിച്ച് യുവജനങ്ങളും കൈയ്യും കെട്ടി നോക്കി നില്‍ക്കരുത്. സഹന സമരത്തിന്റെ മാര്‍ഗ്ഗത്തില്‍ നമുക്കതിനെ പ്രതിരോധിക്കാനാവണം. ഗാന്ധിസത്തിന്റെ മൂല്യങ്ങള്‍ നമ്മുടെ തലമുറക്ക് പകര്‍ന്ന് നല്‍കുകയും, അവരത് ജീവിത ദര്‍ശനമായി കണക്കാക്കിയാല്‍ ഭാരതം ഗാന്ധിജി വിഭാവനം ചെയ്ത ഉദ്യാനമായി മാറും.