സ്‌കൂള്‍ ഏകീകരണം; പ്രൈമറി അധ്യാപകരാവാന്‍ ബിരുദം യോഗ്യതയാവും

സ്‌കൂള്‍ ഏകീകരണം; പ്രൈമറി അധ്യാപകരാവാന്‍ ബിരുദം യോഗ്യതയാവും

പത്തനംതിട്ട: സംസ്ഥാനത്ത് സ്‌കൂള്‍ ഏകീകരണം നിലവില്‍ വരുമ്പോള്‍ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ 2030-ന് ശേഷം ബിരുദം നിര്‍ബന്ധമാക്കുന്നതാണ് ശുപാര്‍ശ. ടി.ടി.സി. എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഡി.എല്‍.എഡ്. കോഴ്സിന് ചേരാനുള്ള യോഗ്യത പ്ലസ്ടു ആണ്.

അധ്യാപക ജോലി ആഗ്രഹിക്കുന്നവര്‍ ബിരുദം കഴിഞ്ഞ് ബി.എഡ്, അല്ലെങ്കില്‍ പ്രൈമറി ക്ലാസുകളിലേക്ക് പ്ലസ് ടു കഴിഞ്ഞ് ഡി.എല്‍.എഡ് എന്നിങ്ങനെ രണ്ട് അവസരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബി.എഡ്. കോഴ്സുകള്‍ സര്‍വകലാശാലകള്‍ക്ക് കീഴിലും ഡി.എല്‍.എഡ്. കോഴ്സുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുമാണ് നടന്നുവന്നത്. ഏകീകരണം നടപ്പാവുമ്പോള്‍ അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളിലെ അധ്യാപകരുടെ നിയമനയോഗ്യത ബിരുദമായിരിക്കും. എന്നാല്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ 2030 ജൂണ്‍ ആറുവരെ ഡി.എല്‍.എഡ്.തന്നെ യോഗ്യതയായി നിലനിര്‍ത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുമ്പോഴാണ് ഏകീകരണം നടപ്പാവുക. ബിരുദംകഴിഞ്ഞ് ബി.എഡുമായി അധ്യാപക ജോലിക്കെത്തിയെങ്കില്‍ മാത്രമേ സ്ഥാനക്കയറ്റത്തിനും സാധ്യതയുള്ളൂ. എട്ടാംക്ലാസ് മുതല്‍ 12 വരെ അധ്യാപക നിയമനത്തിന് ബിരുദാനന്തര ബിരുദമാണ് വേണ്ടത്. ഏഴുവരെയുള്ള ക്ലാസുകളില്‍ അധ്യാപകരാവുന്ന ബിരുദധാരികളില്‍ ബിരുദാനന്തരബിരുദമുള്ളവര്‍ക്കാണ് സ്ഥാനക്കയറ്റ സാധ്യതയുള്ളത്.

നാലായിരത്തോളം കുട്ടികളാണ് സംസ്ഥാനത്ത് പ്രതിവര്‍ഷം ഡി.എല്‍.എഡ്. പഠിച്ചിറങ്ങുന്നത്. 102 സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ 77 എണ്ണവും എയ്ഡഡ് മേഖലയിലാണ്. ഈ സ്ഥാപനങ്ങള്‍ ബി.എഡ്. കോഴ്സുകള്‍ നടത്തുന്നതിലേക്ക് മാറേണ്ടിവരും.

പ്ലസ്ടു കഴിഞ്ഞാല്‍ നാലുവര്‍ഷംകൊണ്ട് ബിരുദവും ബി.എഡും കിട്ടുന്ന കോഴ്സാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നത്. പ്രീപ്രൈമറി മുതല്‍ രണ്ടാംക്ലാസ് വരെയുള്ളവര്‍ക്ക് ഫൗണ്ടേഷണല്‍, മൂന്ന്, നാല്, അഞ്ച് ക്ലാസുകള്‍ക്ക് പ്രിപ്പറേറ്ററി, ആറ് ,എഴ്,എട്ട് ക്ലാസുകള്‍ക്ക് മിഡില്‍, ഒമ്പതുമുതല്‍ 12 വരെ സെക്കന്‍ഡറി എന്നിങ്ങനെയാണ് നാലുവര്‍ഷ ബി.എഡ്. വരുക. കേരളത്തിലെ സര്‍വകലാശാലകള്‍ ഇത് തുടങ്ങിയിട്ടില്ല. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല കാമ്പസിലും കോഴിക്കോട് എന്‍.ഐ.ടി.യിലുമാണ് ഇപ്പോഴുള്ളത്.

 

 

 

സ്‌കൂള്‍ ഏകീകരണം; പ്രൈമറി അധ്യാപകരാവാന്‍
ബിരുദം യോഗ്യതയാവും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *