മുംബൈ: കാന്‍സര്‍ ചികിത്സയിലെ കീമോതെറപ്പിയുടെ പാര്‍ശ്വ ഫലങ്ങള്‍ കുറയ്ക്കാന്‍ നല്‍കുന്ന മരുന്നില്‍ മാറ്റം വരുത്തി മുംബൈ ടാറ്റ മെമ്മോറിയല്‍ ആശുപത്രി. കീമോതെറാപ്പിയെടുക്കുന്ന മിക്ക ആളുകള്‍ക്കും ഛര്‍ദ്ദിയും ക്ഷീണവും കാണാറുണ്ട്. ഇതിനൊരു പരിഹാരമായാണ് മരുന്നില്‍ മാറ്റം വരുത്തുന്നത്. ഇതുവഴി പാര്‍ശ്വഫലവും ചികിത്സാച്ചെലവും കുറയ്ക്കാന്‍ സാധിക്കും.
ഇപ്പോള്‍ കീമോ ചെയ്യുന്ന രോഗികള്‍ക്ക് 10 മില്ലിഗ്രാം ഒലാന്‍സാപിന്‍ മരുന്നടക്കമുള്ള നാല് മരുന്നുകളാണ് നല്‍കുന്നത്. ഇതില്‍ ഒലാന്‍സാപിന്‍ മരുന്നിന്റെ അളവ് രണ്ടര മില്ലിഗ്രാം ആക്കിയാണ് പുതിയ മരുന്നുകൂട്ട് തയ്യാറാക്കിയത്. ഒലാന്‍സാപിന്‍ മരുന്നിന്റെ അളവ് കുറയ്ക്കുന്നതിലൂടെ പാര്‍ശ്വഫലം കുറയ്ക്കാനും ഛര്‍ദിയും മനംപുരട്ടലും നന്നായി കുറയ്ക്കാനും കഴിയുമെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു. 10 മില്ലിയുടെ 10 ഒലാന്‍സാപിന്‍ ഗുളികയ്ക്ക് 100 രൂപയോളം വരുമ്പോള്‍ രണ്ടര മില്ലിഗ്രാമിന് 40 രൂപയാണ് വില.
‘സാധാരണ കീമോ കഴിഞ്ഞ രോഗികള്‍ക്ക് ഛര്‍ദി കുറയ്ക്കാന്‍ നല്‍കുന്ന മരുന്നുകളില്‍ ഒന്നാണ് ഒലാന്‍സാപിന്‍. ഇത് രോഗികളില്‍ കൂടുതല്‍ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകുന്നു.ഇതിനൊരു പ്രതിവിധിയെന്ന നിലയിലാണ് പുതിയ പരീക്ഷണം.’- ഈ പഠനത്തിന്റെ ഭാഗമായ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജ്യോതി ബാജ്പയ് പറഞ്ഞു. 2021 മുതല്‍ 2023 വരെ 13 മുതല്‍ 75 വയസ്സുവരെയുള്ള 267 രോഗികളില്‍ നടത്തിയ പഠനത്തിലാണ് മരുന്നുകൂട്ടിന്റെ കണ്ടെത്തല്‍.