ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴേക്കും ഉണങ്ങി പോകുന്ന ഒന്നാണ് മല്ലിയില. ഈ പ്രശ്‌നം എല്ലാവരും തന്നെയും അഭിമുഖീകരിക്കാറുണ്ട്. എന്നാലിനി മല്ലിയിലകള്‍ വാടിപ്പോയെന്ന പരാതി വേണ്ട. കുറച്ചു ദിവസങ്ങള്‍ ഫ്രഷ് ആയി സൂക്ഷിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നു നോക്കാം.
ജലാംശം വേണ്ട
മല്ലിയിലകള്‍ തണുത്ത വെള്ളത്തില്‍ വൃത്തിയായി കഴുകുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം കിച്ചന്‍ ടവല്‍ ഉപയോഗിച്ച് ജലാംശം പൂര്‍ണമായും തുടച്ചു മാറ്റാം. ഇങ്ങനെ ചെയ്യുന്നത് വഴി മല്ലിയിലയില്‍ എന്തെങ്കിലും അഴുക്കുകള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ സാധിക്കും. മാത്രമല്ല, ഇലകളില്‍ കൂടുതല്‍ ജലാംശമുണ്ടെങ്കില്‍ പെട്ടെന്ന് ചീഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. ഈര്‍പ്പം തുടച്ചു മാറ്റുന്നത് വഴി ഇലകള്‍ പെട്ടെന്ന് ചീഞ്ഞു പോകുമെന്ന പേടി ഒഴിവാക്കുകയും ചെയ്യാം.
വായുകടക്കാതെ സൂക്ഷിക്കാം
വെള്ളം പൂര്‍ണമായും നീക്കം ചെയ്ത മല്ലിയിലകള്‍ ഒരു സിപ് ലോക്ക് കവറിലേക്കു മാറ്റാവുന്നതാണ്. കവറിലെ വായു കളഞ്ഞതിനു ശേഷം മല്ലിയിലകള്‍ അതിനുള്ളിലാക്കി അടച്ചു സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി മല്ലിയിലകളുടെ പുതുമയും ഗന്ധവും നഷ്ടപ്പെടുകയില്ലെന്നു മാത്രമല്ല, ഏറെ ദിവസങ്ങള്‍ കേടുകൂടാതെയിരിക്കുകയും ചെയ്യും.
പേപ്പര്‍ ടവലില്‍ പൊതിയാം
മല്ലിയിലകള്‍ ഫ്രിജില്‍ സൂക്ഷിക്കുന്നതിന് മുന്നോടിയായി ഒരു പേപ്പര്‍ ടവലില്‍ പൊതിയണം. ഇലകളില്‍ ജലാംശമുണ്ടെങ്കില്‍ പേപ്പര്‍ ടവല്‍ അത് വലിച്ചെടുത്തുകൊള്ളും. മാത്രമല്ല, ഇവ ഉണങ്ങി പോകാതെ കുറെ ദിവസങ്ങള്‍ ഫ്രഷായി ഇരിക്കാനും ഇങ്ങനെ ചെയ്താല്‍ മതിയാകും.
അരിഞ്ഞു സൂക്ഷിക്കാം
മല്ലിയിലകള്‍ ചെറുതായി അരിഞ്ഞു ഒരു വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുന്നത് വളരെ കൂടുതല്‍ ദിവസങ്ങള്‍ കേടുകൂടാതെയിരിക്കാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നതിന് മുന്നോടിയായി ഇലകള്‍ വൃത്തിയായി കഴുകി, വെള്ളം പൂര്‍ണമായും നീക്കം ചെയ്യണം. ഇനി അടിഭാഗത്തുള്ള വേരുകള്‍ കൂടി മുറിച്ചു കളഞ്ഞതിനു ശേഷം ചെറുതായി അരിയാം. ഒരു വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി അടച്ചു സൂക്ഷിക്കാവുന്നതാണ്. രണ്ടാഴ്ച വരെ ഇലകള്‍ കേടുകൂടാതെയിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതിയാകും.
ഫ്രിജിന്റെ ഡോറില്‍ വയ്ക്കാം
ഫ്രിജിന്റെ ഡോറില്‍ ചെറുതണുപ്പ് മാത്രമേ ഉണ്ടാകുകയുള്ളൂ. ആ ഭാഗത്ത് മല്ലിയിലകള്‍ വയ്ക്കാവുന്നതാണ്. കുറച്ചു ദിവസങ്ങള്‍ ഇലകള്‍ വാടിപ്പോകാതെയും ഫ്രഷായുമിരിക്കാനിതു സഹായിക്കും.
ഫ്രീസ് ചെയ്യാം
ചെറുതായി അരിഞ്ഞ മല്ലിയിലകള്‍ ഐസ് ക്യൂബ് ട്രേയിലാക്കി വെള്ളമോ എണ്ണയോ ഒഴിച്ചു കൊടുക്കാം. ഇങ്ങനെ സൂക്ഷിക്കുന്നതു വഴി നേരിട്ട് കറികളില്‍ ഉപയോഗിക്കുകയും ചെയ്യാം. ഒട്ടും തന്നെയും ഉപയോഗശൂന്യമാകുകയുമില്ല.
വെള്ളത്തിലിറക്കി വയ്ക്കാം
മല്ലിയിലകള്‍ ഫ്രഷ് ആയി വയ്ക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ് വെള്ളത്തിലിറക്കി വയ്ക്കുക എന്നത്. ഇലകള്‍ കഴുകിയതിനു ശേഷം വെള്ളം പൂര്‍ണമായും ഉണങ്ങി കഴിഞ്ഞു, ഒരു ഗ്ലാസിന്റെ പകുതി ഭാഗത്തോളം വെള്ളമെടുത്തു അതിലേക്ക് ഇലകള്‍ ഇറക്കി വയ്ക്കാവുന്നതാണ്. ഇടയ്ക്കിടെ വെള്ളം മാറ്റി കൊടുക്കാന്‍ മറക്കണ്ട. ഇത് ഫ്രിജിനുള്ളിലോ അടുക്കളയിലെ കൗണ്ടര്‍ ടോപ്പിലോ സൂക്ഷിക്കാവുന്നതാണ്. കുറച്ചു ദിവസങ്ങള്‍ ഫ്രഷ് ആയിരിക്കും.