കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പീനല്‍ കോഡിനു പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിതയില്‍ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയമാറ്റവും അതിലെ ശിക്ഷയും ഏറെ ശ്രദ്ധേയമാണ്.പുതിയ നിയമം അനുസരിച്ച് വാഹനാപകടങ്ങള്‍ക്കുള്ള നിയമങ്ങളും ശിക്ഷയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
പുതിയ നിയമത്തില്‍ ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവും കാരണം സംഭവിക്കുന്ന അപകടത്തിന്റെ ശിക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ച് റോഡപകടങ്ങളില്‍ മരണമുണ്ടായാല്‍ കാരണക്കാരായ ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയുമായിരുന്നു ഇതുവരെ നിലവിലുണ്ടായിരുന്ന ശിക്ഷ. എന്നാല്‍, പുതുതായി പാര്‍ലമെന്റ് പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ 106 (1)വകുപ്പ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ പരമാവധി അഞ്ചുവര്‍ഷം തടവും പിഴയും എന്നതരത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, 106 (2) പ്രകാരം ഇത്തരം അപകടത്തിന് ശേഷം പോലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതെ കടന്നു കളയുകയും അപകടത്തില്‍പെട്ട വ്യക്തി മരണപ്പെടുകയും ചെയ്താല്‍ കാരണക്കാരനായ ഡ്രൈവര്‍ക്ക് 10 വര്‍ഷം വരെ തടവും ഏഴ് ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന തരത്തിലാണ് പുതിയ നിയമം.ശിക്ഷ വര്‍ദ്ധിപ്പിച്ച് നിയമ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും അതുവഴി അപകട നിരക്ക് കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് പുതിയ ഭേദഗതികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
വാഹനാപകടങ്ങള്‍ക്ക് ഇനി കര്‍ശനമായ പുതിയ നിയമം;
മുന്നറിയിപ്പുമായി എം വി ഡി