കരുത്തുറ്റ പാസ്‌പോര്‍ട്ട് അഞ്ചാം തവണയും ജപ്പാന്റേത്; ഇന്ത്യക്ക് 80-ാം സ്ഥാനം

കരുത്തുറ്റ പാസ്‌പോര്‍ട്ട് അഞ്ചാം തവണയും ജപ്പാന്റേത്; ഇന്ത്യക്ക് 80-ാം സ്ഥാനം

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് സ്വന്തമാക്കി ജപ്പാനും സിംഗപ്പൂരും.2024 ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയിലാണ് ജപ്പാന്‍ ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുള്ള രാജ്യമായിത്തീരുന്നത്. ജപ്പാന്‍, സിംഗപ്പൂര്‍ പൗരന്മാര്‍ക്ക് 194 രാജ്യങ്ങളില്‍ വിസ ഇല്ലാതെ സഞ്ചരിക്കാം.

മുന്‍കൂര്‍ വിസയില്ലാതെ ഓരോ രാജ്യത്തെയും പൗരന്മാര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ചാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ വെച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) നല്‍കുന്ന വിശദമായ ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നടത്തുന്നത്.

പാസ്‌പോര്‍ട്ടില്‍ ശക്തികേന്ദ്രങ്ങളായ ജപ്പാനും സിംഗപ്പൂരിനും പിന്നാലെയുള്ളത് നാല് യൂറോപ്യന്‍ രാജ്യങ്ങളാണ് – ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍.അതേസമയം, ഏറ്റവും പുതിയ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക അനുസരിച്ച് പട്ടികയില്‍ ഇന്ത്യ 80-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷമാദ്യം 85 -ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ അഞ്ച് രാജ്യങ്ങളെ പിന്തള്ളിയാണ് മുന്നിലെത്തിയത്ത്. നിലവില്‍ 62 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഇല്ലാതെ സഞ്ചരിക്കാനാകുക.

ഫിന്‍ലാന്‍ഡിനും സ്വീഡനോടും ചേര്‍ന്ന് ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തുണ്ട്. 193 രാജ്യങ്ങളിലേക്കാണ് ദക്ഷിണ കൊറിയന്‍ പൗരന്മാര്‍ക്ക് യാത്ര ചെയ്യാനാവുക. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്, 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ബ്രിട്ടന്‍ നാലാം സ്ഥാനത്തെത്തി. 191 രാജ്യങ്ങളാണ് വിസയില്ലാതെ സന്ദര്‍ശിക്കാനാവുന്നത്. വിസയില്ലാതെ 28 രാജ്യങ്ങള്‍ മാത്രം സന്ദര്‍ശിക്കാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പട്ടികയില്‍ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ആണ്. 55-ാം സ്ഥാനത്ത് നിന്നാണ് ഇത്തവണ 11-ാം സ്ഥാനത്തേക്കുള്ള യുഎഇയുടെ മുന്നേറ്റം. ചൈനയും യുക്രെയ്‌നുമാണ് പട്ടികയില്‍ ശ്രദ്ധേയ മുന്നേറ്റം നടത്തിയ മറ്റ് രണ്ട് രാജ്യങ്ങള്‍. യുക്രെയ്‌നും ചൈനയും യഥാക്രമം 62ഉം, 32ഉം സ്ഥാനത്താണുള്ളത്. 148 രാജ്യങ്ങളിലേക്കാണ് യുക്രെയ്‌നില്‍ നിന്നും സന്ദര്‍ശിക്കാനാകുക, ചൈനയില്‍ നിന്നും 85 രാജ്യങ്ങളും.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം 2006ന് ശേഷം ആഗോളതലത്തില്‍ വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ ശരാശരി എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണുണ്ടായത്. 2006ല്‍ 58 ആയിരുന്നത് 2024ലേക്ക് കടക്കുമ്പോള്‍ 111 ആയി വര്‍ധിച്ചിട്ടുണ്ട്.

 

 

 

കരുത്തുറ്റ പാസ്‌പോര്‍ട്ട് അഞ്ചാം തവണയും ജപ്പാന്റേത്;
ഇന്ത്യക്ക് 80-ാം സ്ഥാനം

Share

Leave a Reply

Your email address will not be published. Required fields are marked *